c
കൊട്ടാരക്കര മാർക്കറ്റിലെ കടകളിൽ പല വില, നിയമ നടപടിക്ക് വിജിലൻസ് ശുപാർശ

 വിലവിവര പട്ടികയിലും അമിതവില

 ചെറിയ ഉള്ളിക്ക് 80 രൂപ, വിൽക്കുന്നത് 110 മുതൽ 120 രൂപയ്ക്ക് വരെ

കൊല്ലം: കൊട്ടാരക്കര മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘം ഉരുളൻകിഴങ്ങിനും ചെറിയ ഉള്ളിക്കും പല കടകളിൽ കണ്ടത് വ്യത്യസ്ത വില. ഉരുളൻകിഴങ്ങിന്റെ വില 35 മുതൽ 40 വരെയായി താഴ്ന്നെങ്കിലും ഇവിടെ 50 രൂപയിലേറെയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത്.

വിജിലൻസ് സംഘം മാർക്കറ്റിലേക്ക് കയറുമ്പോൾ ആദ്യത്തെ പച്ചക്കറിക്കടയിലെ വിലവിവര പട്ടികയിൽ ചെറിയ ഉള്ളിയുടെ വില 110 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അമിതവില ഈടാക്കുന്നതിനെതിരെ നോട്ടീസ് നൽകിയപ്പോൾ ചെറിയ ഉള്ളി വിറ്റത് 80 രൂപയ്ക്കാണെന്നും പട്ടികയിലെ വില തിരുത്താൻ മറന്നതാണെന്നുമായി കടയുടമ. മറ്റുള്ള കടകളിലേക്ക് പരിശോധനാ സംഘം എത്തിയപ്പോൾ 110, 120 എന്നിങ്ങനെ ആയിരുന്നു ചെറിയ ഉള്ളിയുടെ വില പ്രദർശിപ്പിച്ചിരുന്നത്.

മാർക്കറ്റിൽ വിജിലൻസ് എത്തിയെന്ന വാർത്ത പരന്നതോടെ മറ്റുള്ളവർ വിലവിവര പട്ടിക തിരുത്തി ചെറിയ ഉള്ളിക്ക് 80 രൂപയെന്ന് രേഖപ്പെടുത്തി. വിജിലൻസ് കടയിൽ കയറുന്നതിന് തൊട്ടുമുമ്പ് വിലവിവര പട്ടിക തിരുത്തിയെങ്കിലും സാധനം വാങ്ങാനെത്തിയവർ കടയുടമകൾ അമിതവില ഈടാക്കുന്നതായി പറഞ്ഞ പരാതികൾ ഉദ്യോഗസ്ഥർ പരിഗണിച്ചു.

അമിതമായി വില ഈടാക്കിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉപഭോക്താക്കളുടെ തിരക്കനുസരിച്ച് പച്ചക്കറി ഇനങ്ങൾക്കെല്ലാം കൊട്ടാരക്കര മാർക്കറ്റിൽ തോന്നിയ വില ഈടാക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.

..............

 14 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ

ഇന്നലെ കൊട്ടാരക്കര മുതൽ ഏനാത്ത് വരെ 22 സ്ഥാപനങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അമിതവില, വില നിലവാര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ 14 വ്യാപാര കേന്ദ്രങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി കെ. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.

............................

 കൊട്ടാരക്കര മാർക്കറ്റിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിലക്കയറ്റമാണ് കണ്ടെത്തിയത്. തോന്നിയ വില ഈടാക്കാൻ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും.

വിജിലൻസ് കൊല്ലം യൂണിറ്റ്