amma-trust
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള സാനിറ്റൈസറും മാസ്ക്കും ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിന് ചെയർമാൻ വി.എസ്. സന്തോഷ്‌കുമാർ കൈമാറുന്നു

ചാത്തന്നൂർ: ലോക്ക് ഡൗൺ കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്ന ഡോക്യുമെന്ററിയുമായാണ് ട്രസ്റ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കളക്ടർ, എം.പി, എം.എൽ.എ, ജനപ്രതിനിധികൾ, ആരോഗ്യപാലകർ ,നിയമപാലകർ എന്നിവരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററി ജനശ്രദ്ധയാകർഷിച്ചിരുന്നു.

ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഹെൽത്ത് സെന്ററിലും പൊതു ഇടങ്ങളിലും കൈകഴുകൾ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ചാത്തന്നൂർ, പാരിപ്പള്ളി, പരവൂർ, പള്ളിക്കൽ എന്നിവിടങ്ങളിലെ പൊലീസ് സ്‌റ്റേഷനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ഷീരസംഘങ്ങൾ, ക്ഷീര വികസന ഓഫീസ് എന്നിവിടങ്ങളിലേക്കും പൊതുജനങ്ങൾക്കും എണ്ണായിരത്തോളം മാസ്ക്കുകൾ, കൈയുറകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്തു.

പരവൂർ ഫയർസ്റ്റേഷനിലേക്ക് കൊവിഡ് 19 പ്രതിരോധ കിറ്റ് കൈമാറുകയും പ്രശംസനീയമായ പ്രതിരോധ നടപടികൾക്ക് ആറ്റിങ്ങൾ ഫയർസ്റ്റേഷന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കുടിവെള്ളവും ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് ബേബി ഫുഡും നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും വിതരണം ചെയ്തു. നിലവിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസ്, ഹെൽത്ത് ഉദ്യോഗസ്ഥർക്ക് ദിവസേന പ്രഭാത ഭക്ഷണവും ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചുവരികയാണ്.

പ്രവർത്തനങ്ങൾക്ക് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, പ്രസിഡന്റ് ജി. സുധാകരകുറുപ്പ്, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല എന്നിവരാണ് നേതൃത്വം നൽകുന്നത്.