കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം നയിക്കുകയാണ് ലോകം. ദിവസങ്ങളായി ലോക്ക് ഡൗണിലാണ് രാജ്യം. സിനിമാതാരങ്ങളെല്ലാം അവരവരുടെ വീടുകളിൽ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ തികച്ചും അമ്പരപ്പിക്കുന്നതാണ്. അമിതാഭ് ബച്ചന്റെ വീട്ടിൽ കാണാതായ കണ്ണട തപ്പി നടക്കുകയാണ് ഇന്ത്യൻ സിനിമാലോകം മുഴുവൻ. ബച്ചന്റെ കണ്ണടയ്ക്ക് പിറകേ നടക്കുന്നവരിൽ മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര , സോണാലി കുൽക്കർണി, ചിരഞ്ജീവി, ശിവ് രാജ് കുമാർ, പ്രസേൻ ജിത് ചാറ്റർജി തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലിരിക്കുന്ന താരങ്ങളെല്ലാമുണ്ട്. ലോക്ക് ഡൗണിലായ ഈ താരങ്ങളൊക്കെ എങ്ങനെ ഒന്നിച്ചെത്തി? അതായത് താരങ്ങളെയൊക്കെ വെർച്വലായി പങ്കാളികളാകുന്ന ഒരു ലഘു ചിത്രമാണിത്. ഒരുവീടിനുള്ളിൽ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ചിത്രീകരിച്ചഈ ചിത്രത്തിന്റെ ആശയവും സംവിധാനവും പ്രസൂൺ പാണ്ഡെയാണ്.
വീട്ടിൽ തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിർദേശങ്ങൾ പാലിക്കുക എന്ന കാര്യങ്ങളൊക്കെ ചിത്രം പറയുന്നു. സോണി നെറ്റ് വർക്കിൽ ഷോർട്ട് ഫിലിമിന്റെ പ്രീമിയർ നടന്നു. സോണി നെറ്റ്‌വർക്കും കല്യാൺ ജുവലേഴ്സും ചേർന്നാണ് ഈ ഷോർട്ട്ഫിലിം ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണിലായപ്പോൾ ബുദ്ധിമുട്ടിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ഈ ചെറു ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖല ഒന്നാണ് എന്ന സന്ദേശവും അമിതാഭ് ബച്ചൻ പറയുന്നു. ലഘു ചിത്രത്തിന്റെ സ്പോൺസർമാരിൽ നിന്നും ടിവി, മറ്റ് സാമൂഹ്യമാധ്യമങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വരുമാനം ദിവസവേതനക്കാർക്ക് നൽകും.