അല്ലിയുടെ ഡാഡിയും മമ്മിയും ദേ ഫ്രിഡ്ജ് ഡോറിൽ! സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഫ്രിഡ്ജ് മാഗ്നറ്റാണ് ആരാധകരുടെ കണ്ണിലുടക്കിയത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും രൂപമാണ് ഫ്രിഡ്ജ് മാഗ്നറ്റിലുള്ളത്. നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും എല്ലാവർക്കും പരിചിതരാണ്. ഇവരുടെ കുടുംബവിശേഷങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്.
പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ഇത്തരത്തിൽ പല വിഷയങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, പുതിയൊരു വിശേഷം ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. ഒരു ഫ്രിഡ്ജ് മാഗ്‍നെറ്റാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലിയുടെ ഡാഡിയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്നെറ്റ്.
"ഇപ്പോൾ ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ. ദി ക്രിയാ ഇൻ ഒരുക്കിയ ഈ മനോഹരമായ സൃഷ്ടിയിലൂടെ ഈ ദിവസം തനിക്കേറെ മനോഹരമായിരിക്കുന്നു", എന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിരാജും സംവിധായകൻ ബ്ലസിയുമടങ്ങുന്ന സംഘം ജോർദാനിൽ കുടുങ്ങിയതായി കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഷൂട്ട് മുടങ്ങുകയായിരുന്നു.