
കൊല്ലം: "ഇതെന്റെ രണ്ടാം ജന്മമാണ്, നന്ദി പറഞ്ഞാൽ തീരില്ല..."- കൊവിഡിന്റെ മരണക്കയത്തിൽ നിന്നും രക്ഷപ്പെട്ട കൊല്ലം പ്രാക്കുളം സ്വദേശി സേവ്യർ ആന്റണിയ്ക്ക് വാക്കുകൾ മതിയാകുന്നില്ല. ഇന്നലെ വൈകിട്ടാണ് സേവ്യർ, പ്രാക്കുളത്തെ വീട്ടിലെത്തിയത്. ഇനി 13 ദിവസത്തെ ഗൃഹനിരീക്ഷണം കൂടി ശേഷിക്കുന്നുണ്ട്.' മരിച്ചുപോകുമെന്ന് കരുതിയിടത്തുനിന്നാണ് ഞാൻ തിരിച്ചുവന്നത്, അതുകൊണ്ട് 13 അല്ല, അൻപത് ദിവസം വേണേലും ഇങ്ങനെ ഒറ്റയ്ക്കിരിക്കാൻ ഞാനൊരുക്കമാണ്.. 'സേവ്യർ പറയുന്നു.
പ്രാക്കുളത്താണ് ഇപ്പോൾ താമസമെങ്കിലും സേവ്യർ ആന്റണിയുടെ യഥാർത്ഥ വീട് കുരീപ്പുഴ മേലേ മങ്ങാടാണ്. മാർച്ച് 18ന് ആയിരുന്നു ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ദുബായിൽ നിന്ന് സേവ്യർ മടങ്ങിയെത്തിയത്. രോഗ ലക്ഷണം പ്രകടമായില്ലെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മറ്റ് ആശുപത്രികളിലുമൊക്കെ പരിശോധന നടത്തി. മാർച്ച് 27ന് കൊല്ലം ജില്ലയിലെ ആദ്യ കൊവിഡ് ബാധിതനാണ് താനെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും സേവ്യറിന്റെ പകുതി ജീവൻ നഷ്ടപ്പെട്ടു. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിന്റെ പരിചരണത്തിലാണ് ഇപ്പോൾ രോഗം ഭേദമായത്. മരണത്തോട് മല്ലടിക്കുമ്പോഴും തന്നിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പരക്കാൻ ഇടവരരുതെന്ന പ്രാർത്ഥനയിലായിരുന്നു സേവ്യർ.
ഒരാളും തന്നെ പഴിക്കരുതെന്ന് ദൈവത്തോട് കേണപേക്ഷിച്ചു. ദുബായിലായിരുന്നെങ്കിൽ താൻ ഒരുപക്ഷേ, മരിച്ചേനെ. നാട്ടിലെത്തിയത് കൊണ്ടാണ് രോഗം ഭേദമായത്. സർക്കാരിനോട് പ്രത്യേക നന്ദിയുണ്ടെന്നും സേവ്യർ പറഞ്ഞു. മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ ഡോക്ടർമാരും നഴ്സുമാരും കൂട്ടത്തോടെയെത്തിയാണ് സേവ്യറിനെ യാത്രയാക്കിയത്. രോഗം ഭേദമായെന്നുകരുതി വീടിന് പുറത്തേക്കിറങ്ങാൻ തത്കാലം ഉദ്ദേശിക്കുന്നില്ല. വീട്ടിലേക്ക് ആളുകൾ എത്തുന്നതിന് അധികൃതരുടെ വിലക്കുണ്ട്. ഫോണിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. എന്നാലും ആശ്വാസം. മുന്നിലുള്ള നല്ല നാളുകൾക്കായി പ്രാർത്ഥനയോടെ വീട്ടിലിരിക്കട്ടെ.... സേവ്യർ പറഞ്ഞു.