island

തുർക്കി: ആൾത്താമസമില്ലാത്ത തുർക്കിയിലെ ഒരു ദ്വീപ് വാങ്ങാൻ തയ്യാറായി നിരവധിപേർ. തുർക്കിയിലെ വടക്കുപടിഞ്ഞാറ് മേഖലയിലെ ഉലുബാത് തടാകത്തിലെ 45 ഏക്കർ വിസ്‍തീർണമുള്ള ദ്വീപ് വാങ്ങാൻ നിരവധിപേർ രംഗത്ത് വന്നെന്ന് തുർക്കി വാർത്താ ഏജൻസി ഹൂറിയെത് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ആളുകൾ ദ്വീപ് വാങ്ങാൻ മുന്നോട്ട് വരാൻ കാരണം കൊവിഡ് വൈറസ് ആണ്. ഐസൊലേഷൻ തുടങ്ങിയതോടെ ആളുകൾ വീടുകളിൽ തന്നെയാണ്. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ഇതോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് വിൽപ്പനയ്ക്കിട്ട ദ്വീപിന്റെ പരസ്യം വീണ്ടും വൈറലായി.


നെദീം ബുലുത് എന്നയാളാണ് ദ്വീപിന്റെ ഉടമ. 2.52 ദശലക്ഷം ഡോളർ ആണ് ദ്വീപിന്റെ വില. 500 ഒലിവ് മരങ്ങൾ ദ്വീപിലുണ്ട്. മറ്റൊരുവിധത്തിലുള്ള നിർമ്മാണവും നടത്താൻ അനുവദിക്കില്ല എന്നതാണ് ദ്വീപിന്റെ പ്രശ്നം. കർശനമായ പരിസ്ഥിതി ചട്ടക്കൂടിലാണ് ഈ ദ്വീപുള്ളത് . പെലിക്കൺ , കൊക്കുകൾ, താറാവ് എന്നിങ്ങനെ നിരവധി പക്ഷികളാണ് ദ്വീപിൽ ജീവിക്കുന്നത്. പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊവിഡ് ക്വാറന്റൈൻ സമയത്ത് ഒരു ദ്വീപ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുർക്കിയിലെ ആളില്ലാ ദ്വീപിലും സമാനമായ രീതിയിലുള്ള താത്പര്യമാണ് ആളുകൾ കാണിക്കുന്നത്.