
ഓടനാവട്ടം: ലോക്ക് ഡൗൺ കാരണം ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാതായതോടെ വ്യാജമദ്യ നിർമ്മാണവും വിപണനവും വ്യാപകം. അടിക്കടി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ കർശനമാക്കി.
വെളിയം മാലയിൽ പാറക്വാറിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് പൊലീസ് നടത്തിയ റെയ്ഡിൽ 50 ലിറ്റർ കോട, 3 ലിറ്റർ ചാരായം വാറ്റുപകരണങ്ങൾ തുടങ്ങിയവ പിടികൂടി. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല. പൊലീസിന്റെ സാന്നിദ്ധ്യം മനസിലായതോടെ പ്രതികൾ ഇരുട്ടിലേക്ക് ഓടി മറയുകയായിരുന്നു.
എസ്.ഐ ടി. രാജേഷ്‌കുമാർ, എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, സന്തോഷ്, അനീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.
ഓയൂർ മുളയറശാലയിൽ സർക്കിൾ ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലും വൻ ചാരായവേട്ട നടത്തി. എസ്.ഐ രാധാകൃഷ്ണൻ, ഗ്രേഡ് എസ്.ഐ ഷാജി എന്നിവർ നേതൃത്വം നൽകി.