കൊല്ലം : ലോഡ്ജിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വൃദ്ധനെ കുണ്ടറ ഫയർഫോഴ്സ് കീഴടക്കി രക്ഷിച്ചു. കുണ്ടറ സ്റ്റാർച്ച് ജംഗഷനിലെ ലോഡ്ജിൽ താമസിക്കുന്ന ചെമ്മക്കാട് ചാറുകാട് വടക്കടത്ത് വീട്ടിൽ ഗോപാലകൃഷണപിള്ള (70) യാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ലോഡ്ജിന് മുകളിൽ നിന്നും ചാടാനൊരുങ്ങിയ ഗോപാലകൃഷ്ണ പിള്ളയെ രക്ഷിക്കാൻ കൊവിഡ് ഭീതിയിൽ നാട്ടുകാർ മടിച്ചു. മൂന്ന് മണിക്കൂറിന് ശേഷമാണ് കുണ്ടറ ഫയർഫോഴ്സിനെ അറിയിച്ചത്. നിമിഷനേരംകൊണ്ട് ഫയർഫോഴ്സ് സംഘമെത്തി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം.മിഥിലേഷ് ലോഡ്ജിന് മുകളിൽ കയറി ഗോപാലകൃഷ്ണപിള്ളയോടു സംസാരിക്കുകയും സാഹസികമായി കീഴടക്കി മറ്റു സേനാംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായത്തോടെ താഴെയിറക്കുകയുമായിരുന്നു. പിന്നീട് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ വിജയകുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അജീഷ് കുമാർ, എം.എസ്.ജയൻ, ഫയർ ആൻ്റ് റെസ്കൂ ഓഫീസർമാരായ വിഷ്ണു, ശ്യാം, ബിനുലാൽ, മണികണ്ഠൻ പിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.