5.9 ടൺ പഴകിയ മത്സ്യം പിടികൂടി
കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗം കൊല്ലം നഗരത്തിൽ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ 5.9 ടൺ പഴകിയ മത്സ്യം പിടികൂടി. കൊല്ലം ബൈപാസ് വഴി രണ്ട് ലോറികളിൽ കൊണ്ടുവന്ന മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.
പുന്നപ്ര ഭാഗത്ത് നിന്ന് കൊണ്ടുവന്ന ലോറിയാണ് ആദ്യം പിടിച്ചത്. ഇതിൽ 1900 കിലോ ചെറിയ ചൂരയാണ് ഉണ്ടായിരുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച മത്സ്യം പുന്നപ്രയിൽ നിന്നാണ് ഈ കണ്ടെയ്നറിൽ കയറ്റിയതെന്നാണ് സംശയം. ലോക്ക് ഡൗൺ നിലവിൽ വന്ന ശേഷം ആദ്യമായാണ് കൊല്ലത്ത് ചെറിയ ചൂര പിടിക്കുന്നത്. ഒരാഴ്ചയിലേറെ പഴക്കമുള്ള ഈ മത്സ്യം ചീഞ്ഞ് തുടങ്ങിയിരുന്നു. ചന്തകളിലെ മത്സ്യക്കച്ചവടക്കാർക്ക് കൈമാറാനായി കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം.
തൊട്ടുപിന്നാലെ എതിർദിശയിൽ നിന്ന് വന്ന ലോറി പരിശോധിച്ചപ്പോൾ 4000 കിലോ ചീഞ്ഞ കേരച്ചൂരയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ സൂക്ഷിച്ചിരുന്ന വേ ബില്ലിലെ തീയതിയും ലോറിയുടെ രജിസ്ട്രേഷൻ നമ്പരും തിരുത്തിയിരുന്നു.
എവിടെ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് പലതവണ ചോദിച്ചിട്ടും വ്യക്തമാക്കിയില്ല. തമിഴ്നാട്ടിലെ മാർത്താണ്‌ഡത്തേക്ക് പോകുന്നുവെന്ന് മാത്രമായിരുന്നു മറുപടി. ഇന്നലെ രാവില ലോറിയുടെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് ഉണക്ക മത്സ്യം നിർമ്മിക്കാനായി കൊണ്ടുപോയതാണെന്ന് പറഞ്ഞെങ്കിലും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാഴ്ചയിലേറെ ഐസിട്ട് സൂക്ഷിച്ചിരുന്ന മത്സ്യം തണുപ്പ് പോയ ശേഷം വീണ്ടും ഐസിട്ടതാണെന്ന് പരിശോധനയിൽ വ്യക്തമായി.
പിടിച്ചെടുത്ത മത്സ്യം പൂർണമായും നശിപ്പിച്ചു. അസഹ്യ ദുർഗന്ധം അനുഭവപ്പെട്ട ലോറികൾ പോളയത്തോട് ശ്മശാനത്തിലേക്ക് മാറ്റി. ലോറികളിലെ നാല് ജീവനക്കാരെയും കൊവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. അസീം, സുജിത്ത് പെരേര, കണ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.