അർഹരുടെ പേര് പഞ്ചാ. വെബ്സൈറ്റിൽ വരും
അനർഹർ വന്നാൽ ഉദ്യോഗസ്ഥർ കുടുങ്ങും
കൊല്ലം: 15 കിലോ സൗജന്യ റേഷൻ മിക്കവരും വാങ്ങിക്കഴിഞ്ഞു. പക്ഷേ കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം കുറയുന്നില്ല. സൗജന്യ ഭക്ഷണം അനർഹർ വാങ്ങുന്നത് നിർബാധം തുടരുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ മുതൽ പഞ്ചായത്ത് അംഗങ്ങളിൽ ചിലർ വരെ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഭക്ഷണപ്പൊതികൾ കൊണ്ടുപോകുന്നു.
തുടർന്ന്, അനർഹർക്ക് ഇനി നൽകിയാൽ ബാദ്ധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി. ഭക്ഷണത്തിന് അർഹരായവരുടെ പേര് വിവരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു.
സൗജന്യ ഭക്ഷണം നൽകേണ്ടത് ആർക്കൊക്കെയെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സ്‌പെഷ്യൽ സെക്രട്ടറി ആർ.എസ്. കണ്ണൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പല പഞ്ചായത്തുകളും ഇതുൾക്കൊള്ളാതെ പ്രവർത്തിക്കുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഡയറക്ടർ ഡോ. പി.കെ. ജയശ്രീക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഉത്തരവിറക്കിയത്.
അന്യ സംസ്ഥാന തൊഴിലാളികൾക്ക് മൂന്നു നേരവും ഭക്ഷണം നൽകാൻ സ്റ്റേറ്റ് ഡിസാസ്റ്റർ റസ്‌പോൺസ് ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) നിന്ന് ഒരാൾക്ക് പ്രതിദിനം 60 രൂപ വീതം പഞ്ചായത്തുകൾക്ക് ലഭിക്കുന്നു.
മറ്റു നിർദ്ദേസങ്ങൾ
കമ്മ്യൂണിറ്റി കിച്ചണിലെ രജിസ്റ്ററിലും അർഹരുടെ പേര് വിവരം സൂക്ഷിക്കണം
പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകൾ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം
സൗജന്യ ഭക്ഷണത്തിന്
അർഹരായവർ
അഗതികൾ, തദ്ദേശ സ്ഥാപനം കണ്ടെത്തി പുനരധിവസിപ്പിച്ചവർ, ക്യാമ്പുകളിൽ കഴിയുന്നവർ, തെരുവിൽ അന്തിയുറങ്ങുന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ, സാന്ത്വന പരിചരണത്തിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, സ്വയം പാചകം ചെയ്യാൻ കഴിയാത്തതും സാമ്പത്തികമായി മെച്ചപ്പെട്ടതല്ലാത്തതുമായവർ, ആദിവാസി ഊരുകളിൽ താമസിക്കുന്ന ഭക്ഷണം ആവശ്യമുള്ളവർ, ബഡ്സ് സ്കൂളിലെ കുട്ടികളുടെ ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങൾ, ഭക്ഷണം തയ്യാറാക്കാൻ സാധിക്കാത്ത സാഹചര്യമുള്ള കെയർ ഹോം അന്തേവാസികൾ, റേഷൻ അരി ലഭിക്കാത്തവർ.
'പല പഞ്ചായത്തുകളും സർക്കാർ നിർദ്ദേശം ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നു".
ഡോ.പി.കെ. ജയശ്രീ,
പഞ്ചായത്ത് ഡയറക്ടർ