photo
കാഴ്ചയുടെ നേതൃത്വത്തിൽ ആഹാരം പാകം ചെയ്യുന്നു.

കരുനാഗപ്പള്ളി: കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'കാഴ്ചയുടേയും' ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയറിന്റെയും പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ആഹാരമില്ലാതെ വലയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ടൗണിലെ ലോഡ്ജുകളിൽ കഴിയുന്നവർക്കും ആഹാരം എത്തിക്കുകയാണ് 'കാഴ്ച' . ഓരോ ദിവസവും 600 ഓളം പേർക്ക് സംഘടന ആഹാരം നൽകുന്നു. രാവിലെ കാപ്പി, ഉച്ചയ്ക്ക് ഊണ്, രാത്രിയിൽ പുട്ടും പഴവും എന്നിവയാണ് നൽകുന്നത്. ടൗണിലെ ഒരു കെട്ടിടത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. പിന്നീട് ഇത് കരുനാഗപ്പള്ളി നഗരസഭയ്ക്ക് കിഴക്കുവശമുള്ള കാഴ്ചയുടെ ഫ്രിഡ്ജിൽ എത്തിക്കും ഇവിടെ നിന്ന് ആവശ്യക്കാർക്ക് ആഹാരം കൊണ്ട് പോകാമെന്ന് സംഘാടകരായ ജഗത് ജീവൻ ലാലി, ഷിഹാൻ ബഷി, അമൽ രാജ് എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് 600 ലിറ്റർ ലോഷനും വിതരണം ചെയ്തു.

ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ സ്വാന്തന പരിചരണത്തിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. ദിവസവും നിരവധി രോഗികളെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനായി മൂന്ന് ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. സൗജന്യ നിരക്കിലാണ് ആംബുലൻസുകൾ നൽകുന്നതെന്ന് ചെയർമാൻ പി.ആർ. വസന്തനും, ചീഫ് കോ ഓർഡിനേറ്റർ കാേട്ടയിൽ രാജുവും അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ ചികിത്സ കഴിഞ്ഞ രോഗികളെ തിരികെ എത്തിക്കുന്നതിനും ആംബുലൻസുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്.