കൊല്ലം: നാലര വയസുകാരി ഗൗരിയെന്ന ഭവികാ ലക്ഷ്മി ലോക്ക് ഡൗൺ ദിനങ്ങളിൽ വരച്ചുകൂട്ടിയത് 400 ഓളം ചിത്രങ്ങൾ. കുഞ്ഞു ഭാവനയ്ക്കനുസരിച്ച് ചുരുങ്ങിയ സമയം കൊണ്ട് പലവിധ ചിത്രങ്ങൾ കാൻവാസിലേക്ക് പകരും. രാവിലെ ആറോടെ തുടങ്ങും ഭവികയുടെ ഭാവന. അദ്ധ്യാപകനായ അച്ഛൻ എൽ. സുഗതൻ യോഗ പരിശീലിക്കുന്നിടത്ത് നിന്നാണ് രാവിലെ തുടക്കം. വാട്ടർ കളർ ചിത്രങ്ങളോടാണ് ഏറെ താത്പര്യം. ചിത്രകലയിലുള്ള താത്പര്യത്തിനൊപ്പം ഒരു മണിക്കൂർ സമയം കാർട്ടൂണും ഗെയിം കാണാനുമായി ചെലവഴിക്കും. പിന്നെ സഹോദരൻ ഭാവിനോടൊപ്പം കളികളിൽ മുഴുകും. കവിത കേൾക്കാനും അത് പരിശീലിക്കാനും താത്പര്യമുണ്ട്. വയലാറിന്റെ 'അശ്വമേധം"എന്ന കവിതയുടെ മുഴുവൻ വരികളും ഈണത്തിൽ ആലപിക്കുന്ന ഗൗരി, ഇത് കേട്ടുപഠിച്ചത് ജ്യേഷ്ഠൻ ഭാവിനിൽ നിന്നാണ്. നൃത്തത്തോടും താത്പര്യമുള്ള ഈ കുരുന്ന് അത് വീട്ടിൽ പരിശീലിക്കുന്നുമുണ്ട്. ഭവികയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമായി അച്ഛനെ കൂടാതെ അമ്മ റവന്യൂ ജീവനക്കാരി അനൂപയും കൂടെയുണ്ട്.