chava
ചവറ ഗവ.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് ചവറ തെക്കുംഭാഗം സാമൂഹ്യ അടുക്കളയിലെ പ്രവർത്തകർക്ക് മാസ്ക് നൽകുന്നു

കൊല്ലം: ചവറ ഗവ.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 12,000 മാസ്കുകൾ വിതരണം ചെയ്തു. ആശുപത്രികളും തദ്ദേശ സ്ഥാപനങ്ങളുമടക്കം നൂറ് കണക്കിന് പേർ എത്തുന്ന കേന്ദ്രങ്ങളിൽ സാനിറ്റൈസറുകളും സോപ്പും ഹാൻഡ് വാഷും നൽകി.

വിവിധ ഏജൻസികൾ വഴിയാണ് വിതരണത്തിനുള്ള മാസ്ക് സമാഹരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി, പടിഞ്ഞാറെ കല്ലട, ആറ്റുപുറം, പയ്യലക്കാവ്, തെക്കുംഭാഗം, തേവലക്കര പി.എച്ച്.സികൾ, നീണ്ടകര താലൂക്ക് ആശുപത്രി, ചവറ ആയുർവദേ ആശുപത്രി, കാരാളിമുക്ക് പട്ടകടവ് പബ്ലിക് ലൈബ്രറി, ചവറ, ശാസ്താംകോട്ട, കരുനാഗപ്പള്ളി മേഖലകളിലെ ബാങ്കുകൾ, ചവറ, തെക്കുംഭാഗം, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകൾ, വിവിധ സ്ഥലങ്ങളിലെ വായനശാലകൾ, ചന്തകൾ തുടങ്ങിയിടങ്ങളിലാണ് ഇതുവരെ മാസ്കുകൾ വിതരണം ചെയ്തത്.

വിവിധ കേന്ദ്രങ്ങളിലെ സാമൂഹിക അടുക്കളകൾക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കളും എത്തിച്ചു. സ്കൂളിലെ എസ്.പി.സി എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ചവറ സി.ഐ എ. നിസാമുദ്ദീൻ, എസ്.ഐ സുകേശൻ, നോഡൽ ഓഫീസർ സോമരാജൻ എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്. വരും ദിവസങ്ങളിലും എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരും.