കൊട്ടാരക്കര: ആരുടെയും കണ്ണിൽപ്പെടാതിരിക്കാനാണ് അവളാ ഓടയിൽ പ്രസവിച്ചത്. ഇത്തിരിനേരം മാറിനിന്നപ്പോൾ കനത്ത മഴയായി, മഴവെള്ളത്തിൽ ഒലിച്ചുപോയേക്കാവുന്ന അഞ്ച് കുഞ്ഞുങ്ങളാണ് ആ ഓടയിലുള്ളത്. ഓടിപ്പാഞ്ഞെത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾ കരയിൽ സുഖമായിരിക്കുന്നു!. കുഞ്ഞു ജീവൻ രക്ഷിച്ച ചെറുപ്പക്കാരെ അവൾ നന്ദിയോടെ നോക്കി വാലാട്ടി. പിന്നെ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങിയ കുഞ്ഞുങ്ങളെ പാലൂട്ടി ഉറക്കി.
പത്തനാപുരം പുന്നല റോഡിലെ ഓടയിലാണ് തെരുവ് നായ പ്രസവിച്ചത്. തലേ ദിനത്തിൽ പ്രസവിച്ച കുഞ്ഞുങ്ങളെ മറ്റാരും കാണാതിരിക്കാനാണ് ഓടയ്ക്ക് കീഴിലൊളിപ്പിച്ച് അമ്മ ആശ്വാസം കണ്ടത്. അന്നം തേടി പോയപ്പോഴാണ് പെരുമഴ വന്നത്. ഓടയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ നായ്ക്കുഞ്ഞുങ്ങൾ കരച്ചിൽ തുടങ്ങി. മഴയത്ത് കടത്തിണയിലേക്ക് കയറിനിന്ന ചെറുപ്പക്കാരാണ് ഓടയിൽ നിന്ന് നായ്ക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. മൂടി മാറ്റി നോക്കിയപ്പോൾ തണുത്ത് വിറയ്ക്കുന്ന കുഞ്ഞുങ്ങൾ. ചുറ്റും വെള്ളമൊഴുകുന്നു.
മിനിട്ടുകൾ കഴിഞ്ഞിരുന്നെങ്കിൽ അഞ്ച് കുഞ്ഞുങ്ങളും ഒഴുകിപ്പോയെനെ. മടിക്കാതെ ഉടൻതന്നെ അഞ്ച് കുഞ്ഞുങ്ങളെയും പുറത്തെടുത്തു. ചണച്ചാക്ക് വിരിച്ച് അതിലേക്ക് കിടത്തി. അപ്പോഴേക്കും അമ്മപ്പട്ടി ഓടിയെത്തി. കുഞ്ഞുങ്ങളെ രക്ഷിച്ചവർക്ക് മുന്നിൽ നന്ദിയോടെ വാലാട്ടിയ ശേഷമാണ് അവൾ കുഞ്ഞുങ്ങൾക്ക് പാലും ചൂടും കൊടുത്തുറങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കാൻ സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും വലിയ താത്പര്യമെടുക്കുന്ന വേളയിലാണ് തെരുവ് നായയുടെ അഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് പുന്നലക്കാർ ശ്രദ്ധനേടിയത്.