കൊട്ടാരക്കര: ലോക്ക് ഡൗണിനെ തുടർന്ന് പാലക്കാട്ടെ ഭാര്യാ ഗൃഹത്തിൽ നിന്ന് നാലു നാൾ സൈക്കിൾ ചവിട്ടി വൃദ്ധൻ ജന്മനാടായ കൊല്ലത്തെത്തി. ഇവിടെ വീടില്ലാത്തതിനാൽ ലോഡ്ജിലാണ് തങ്ങാറ്. കൊവിഡ് ഭീതിയിൽ പക്ഷേ ഇത്തവണ മുറി നൽകിയില്ല. ഇതിൽ പ്രകോപിതനായി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. ഒടുവിൽ ഫയർഫോഴ്സെത്തി ഒരുവിധം താഴെയിറക്കി.
കഴിഞ്ഞ ദിവസം അർദ്ധരാത്രി കുണ്ടറ സ്റ്റാർച്ച് ജംഗ്ഷനിലെ ലോഡ്ജിലായിരുന്നു സംഭവം. അഞ്ചാലുംമൂട് ചെമ്മക്കാട് ചാറുകാട് വടക്കടത്ത് ഗോപാലകൃഷ്ണപിള്ളയാണ് (70) ആത്മഹത്യാ ശ്രമം നടത്തിയത്.
പാലക്കാട്ട് സ്ഥിരതാമസമാക്കിയ ഇയാൾ വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ ഈ ലോഡ്ജിലാണ് താമസിച്ചിരുന്നത്. എന്നാൽ, പനി ലക്ഷണങ്ങളും ഉണ്ടായിരുന്നതിനാലാണ് ഇത്തവണ മുറി നൽകാത്തതെന്ന് ലോഡ്ജുടമ പറഞ്ഞു. തുടർന്ന് ആരോഗ്യപ്രവർത്തകരെ വിളിച്ചുവരുത്തി.
പാലക്കാട്ടു നിന്ന് ഇത്ര ദൂരം സൈക്കിളിൽ യാത്ര ചെയ്തതിനാലും പനി ലക്ഷണങ്ങളുള്ളതിനാലും നിരീക്ഷണ സംവിധാനത്തിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചെങ്കിലും ഇത് അവഗണിച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. രക്ഷിക്കാൻ കൊവിഡ് ഭീതിയിൽ നാട്ടുകാരും മടിച്ചു. വിവരം അറിയിച്ചതോടെ കുണ്ടറ ഫയർഫോഴ്സ് നിമിഷനേരം കൊണ്ട് സ്ഥലത്തെത്തി.
ഫയർ ഓഫീസർ എം. മിഥിലേഷ് ലോഡ്ജിന് മുകളിൽ കയറി ഗോപാലകൃഷ്ണപിള്ളയോട് സംസാരിച്ച് സാഹസികമായി കീഴടക്കി താഴെയിറക്കുകയായിരുന്നു. പിന്നീട് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി.