arested

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് രഹസ്യമായി അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പാക്കട പ്രതിഭ കവലയ്ക്കടുത്ത് സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിൽ പതിനഞ്ചോളം തൊഴിലാളികളാണ് പണിയെടുത്തത്.

സൂപ്പർവൈസറെയും സെക്യൂരിറ്റി ജീവനക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ജില്ലാ വെക്ചർ കൺട്രോൾ യൂണിറ്റ് ജീവനക്കാർ ബോധവത്കരണത്തിനായി ബഹുനില കെട്ടിടത്തിൽ എത്തിയപ്പോഴാണ് മുഖാവരണമോ സാനിറ്റൈസറോ ഇല്ലാതെ തൊഴിലാളികൾ കൂട്ടമായി ജോലിയിലേർപ്പെട്ടിരിക്കുന്നത് കണ്ടത്. നാലഞ്ചുപേർ മാത്രമാണ് ഉള്ളതെന്ന് സൂപ്പർവൈസറും സെക്യൂരിറ്റി ജീവനക്കാരനും ആദ്യം പറഞ്ഞെങ്കിലും വിശദ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ കണ്ടെത്തി.

ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടും തൊഴിലാളികൾ പണി തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കെട്ടിടത്തിനുള്ളിൽ മുകൾ നിലയിൽ ടൈൽസ് ഒട്ടിക്കൽ, ഭിത്തി നിർമ്മാണം തുടങ്ങിയവ നടത്തിയതായി തൊഴിലാളികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊവൊഡ് വൈറസ് വ്യാപനം, പകരുന്നത്, തടയുന്ന വിധം, ചികിത്സ, ശുചിത്വം, വ്യായാമം എന്നിവയെക്കുറിച്ച് ഡി.വി.സി ബയോളജിസ്റ്റ് സജതേർഡ്, ഫൈലേറിയ ഇൻസ്‌പെക്ടർ പി.ആർ. ബാലഗോപാൽ എന്നിവർ ക്‌ളാസെടുത്തു. ഫീൽഡ് അസിസ്റ്റന്റ് ബി. പ്രശോഭ ദാസ്, എൻ. രഘുനാഥ്, ബിജുകുമാർ, ലീന കെ. ബേബി, സുനിൽകുമാർ, സരേഷ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.