കൊല്ലം: ലോക്ക് ഡൗൺ പതിനഞ്ച് ദിവസം പിന്നിട്ടപ്പോൾ പൊതുവിപണിയിൽ ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളുടെയും വില ഉയർന്നു. ആന്ധ്രയിൽ സീസണായ ഘട്ടത്തിൽ ജയ അരിക്കടക്കം വില ഉയർന്നിരിക്കുകയാണ്.
ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ ചെറുകിട കച്ചവടക്കാർ കൊച്ചുള്ളിയുടെയും സവാളയുടെയും വില ക്രിത്രിമമായി ഉയത്തി വില ഉയർത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ഇപ്പോൾ മറ്റ് പല ഇനങ്ങൾക്കും മൊത്തക്കച്ചവടക്കാരിലും ചില്ലറക്കാരിലും ഒരു പോലെ ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തേക്ക് ഭക്ഷ്യവസ്തുക്കളുമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ തിരിച്ച് മറ്റ് വസ്തുക്കൾ കയറ്റിയാണ് മടങ്ങുന്നത്. ഇപ്പോൾ തിരിച്ച് ലോഡ് കിട്ടാത്തതിനാൽ കൂടുതൽ ലോറി വാടക ആവശ്യപ്പെടുന്നതാണ് വില വർദ്ധനവിന്റെ കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്.
മില്ലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ആട്ട പോലെയുള്ള ഇനങ്ങൾ കിട്ടാനുമില്ല. ചെറുകിട യൂണിറ്റുകൾ എത്തിച്ചിരുന്ന മാവ് പൊടി അടക്കമുള്ള ഭക്ഷ്യവസ്തുകളും ഒട്ടുമിക്ക കടകളിലും ലഭ്യമല്ലാത്ത അവസ്ഥയാണ്. സർക്കാർ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ വില വരും ദിവസങ്ങളിൽ വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്.
ഇനം-10 ദിവസം മുൻപുള്ള വില- ഇന്നലത്തെ വില
(കൊല്ലം നഗരത്തിലെ)
സെവൻ സ്റ്റാർ ജയ അരി- 34.80- 36.80
ഉഴുന്ന്-108-116
പയർ-110-116
അരി- 34.80- 36.30
സാമ്പായ പരിപ്പ്- 70-78
പാം ഓയിൽ- 78-88
വെളിച്ചെണ്ണ-160-165
പഞ്ചസാര- 38-42
ഉള്ളി, സവാള വില താഴ്ന്നു
സർക്കാർ വകുപ്പുകളുടെ ഇടപെടൽ ശക്തമായതോടെ പല കടകളിലും കൊച്ചുള്ളിയുടെയും സാവളയുടെ വില താഴ്ന്നിട്ടുണ്ട്. കൊല്ലം നഗരത്തൽ കൊച്ചുള്ളി കിലോയ്ക്ക് 60 ഉം സവാളയ്ക്ക് 30 രൂപയുമായിരുന്നു വില.