കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൊലീസ് കർശനമാക്കിയതോടെ അനാവശ്യ യാത്രകൾ നടത്തിയ 523 പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. 520 കേസുകളിലായി 474 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പൊലീസ് ഇന്നലെ 288 കേസുകൾ രജിസ്റ്റർ ചെയ്ത് 288 പേരെ അറസ്റ്റ് ചെയ്തു. 258 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം സബ് ഡിവിഷനിൽ 117, ചാത്തന്നൂർ സബ് ഡിവിഷനിൽ 91, കരുനാഗപ്പള്ളി സബ് ഡിവിഷനിൽ 80 എന്നീ ക്രമത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കൊല്ലം റൂറൽ പൊലീസ് 232 കേസുകളിലായി 235 പേരെ അറസ്റ്റ് ചെയ്ത് 216 വാഹനങ്ങൾ പിടിച്ചെടുത്തു.
ഗൃഹ നിരീക്ഷണ നിർദേശം ലംഘിച്ച് ബൈക്ക് യാത്ര നടത്തിയ പ്രാക്കുളത്തെ ദമ്പതികൾക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. കൊവിഡ് 19 ബാധിതയായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരായിരുന്നു ഇവർ. അതിനാലാണ് കർശന ഗൃഹ നിരീക്ഷണം ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി.