കൊട്ടിയം: കടുത്ത പ്രമേഹം ബാധിച്ച കിടപ്പുരോഗിയായ നിർദ്ധന യുവാവ് ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്ന് വീട്ടിൽ തൂങ്ങിമരിച്ചു. ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശാന്തിനി വിലാസം നന്ദനത്തിൽ ശ്യാംകുമാറാണ് (37) വടക്കേ മൈലക്കാട് അമ്പനാട്ടെ വാടക വീട്ടിൽ മരിച്ചത്. പ്രമേഹ ബാധിതനായ ഇയാൾ കാലുകളിൽ വ്രണം വന്ന് ഏതാനും ദിവസമായി വീട്ടിൽ കിടപ്പിലായിരുന്നു.
ചികിത്സ നടത്തിയിരുന്ന പന്തളം കുളനടയിലെ ആശുപത്രിയിൽ പോകാൻ പണമില്ലാതിരുന്നതിനാലാണ് പോകാതിരുന്നതെന്ന് പറയുന്നു. ശ്യാംകുമാറിന്റെ ദയനീയ സ്ഥിതി അറിഞ്ഞ് അയൽവാസിയായ കെറ്റി എന്ന ആന്റണി പരിസരവാസികളിൽ നിന്നായി 8,500 രൂപയോളം രൂപ സ്വരൂപിച്ച് വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയതായി അറിയുന്നത്. ഭാര്യ ശുചിമുറിയിൽ പോയ സമയം നോക്കിയാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർ കണ്ടിരുന്നില്ല.
ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആട്ടോ ഡ്രൈവറായിരുന്നു. തുണിക്കടയിൽ ജീവനക്കാരിയായ ഭാര്യ സന്ധ്യ ലോക്ക് ഡൗൺ മൂലം കട അടച്ചതിനാൽ ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു. കൊട്ടിയം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആർദ്ര, ആദിത്യൻ.