പുനലൂർ: ലോക്ക് ഡൗൺ കരണം ദിവസവും കഴിച്ച് കൊണ്ടിരുന്ന മരുന്ന് വാങ്ങാൻ കഴിയാതെ വന്ന വയോധികന് ജില്ലാ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ മരുന്നുകളെത്തിച്ചു. പുനലൂർ കക്കോട് സ്വദേശി ദേവസ്യയ്ക്കാണ് സ്ഥിരമായി കഴിച്ച് കൊണ്ടിരുന്ന മരുന്നുകൾ തീർന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ ഇടപെട്ട് കൊല്ലം എ.ആർ.ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് വഴി പാഴ്സലായി മരുന്ന് പുനലൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ മുഹമ്മദ് ഷെറീഫിന്റെ നേതൃത്വത്തിൽ കക്കോട്ടെ വീട്ടിലെത്തി ദേവസ്യയ്ക്ക് ഇത് കൈമാറി. ലോക്ക് ഡൗൺ കണക്കിലെടുത്ത് ആവശ്യമരുന്നുകൾ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാനായി കൺട്രോൾ റൂം വെഹിക്കിളുകളെ പ്രത്യേകമായി റൂറൽ പൊലീസ് മേധാവി ചുമലതപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുന്ന മരുന്നുകൾ ജനമൈത്രീ ബീറ്റ് ഓഫീസർമാർ അതത് സ്റ്റേഷൻ അതിർത്തിയിലെ ആവശ്യക്കാരിൽ എത്തിക്കും. മരുന്നുകൾ എത്തിക്കുന്നവർ ഡോക്ടറുടെ ലെറ്റർ പാഡിലുള്ള പ്രിസ്ക്രിപ്ഷനോടെപ്പം മരുന്നുകൾ പായ്ക്കറ്റുകളിലാക്കി അയക്കുന്ന ആളുകളുടെയും എത്തിക്കേണ്ട സ്ഥലത്തെയും കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണമെന്നും റൂറൽ എസ്.പി അറിയിച്ചു.