കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാനപ്പെട്ട ഹാർബറുകളായ നീണ്ടകരയിലെയും ശക്തികുളങ്ങരയിലെയും ബോട്ടുകൾ ഒറ്റക്കെട്ടായി മത്സ്യബന്ധനം നിറുത്തിവച്ചതോടെ ചന്തകളിൽ ലഭ്യമാകുന്നത് വരത്തൻ മത്സ്യങ്ങൾ മാത്രം. കൊല്ലം തീരത്തെ അഞ്ച് മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്ന് പരമ്പരാഗത വള്ളങ്ങൾ കടലിൽ പോയിത്തുടങ്ങിയെങ്കിലും ഇവർ കൊണ്ടുവരുന്ന മത്സ്യം ഉപ്പു നോക്കാൻ പോലും തികയുന്നില്ല.
ചന്തകളിൽ വില്പനയ്ക്കുള്ള ചീഞ്ഞുടഞ്ഞ മത്സ്യങ്ങൾ കാണുമ്പോൾ പലരും വെറുംകൈയോടെയാണ് മടങ്ങുന്നത്. ഉള്ളതിനാകട്ടെ തീ വിലയാണ് ഈടാക്കുന്നതും. ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും മീൻകറിയില്ലാതെയാണ് ദിവസങ്ങളായി ഭക്ഷണം കഴിക്കുന്നത്. ട്രോളിംഗ് നിരോധന കാലത്ത് പോലും ഇത്രയധികം രൂക്ഷമായ മത്സ്യക്ഷാമം ഉണ്ടായിട്ടില്ലെന്ന് മത്സ്യകച്ചവടക്കാർ തന്നെ പറയുന്നു. കൊല്ലം തീരത്ത് നിന്ന് പോകുന്ന വള്ളങ്ങൾക്ക് പല ദിവസങ്ങളിലും കാര്യമായി ഒന്നും ലഭിക്കുന്നില്ല.
പഴകിയ മത്സ്യങ്ങൾ ഒഴുകുന്നു; പിടികൂടുന്നത് പത്തിലൊന്ന് മാത്രം
ജില്ലയിലടക്കം രൂക്ഷമായ മത്സ്യക്ഷാമം മുതലെടുക്കാനാണ് പരിശോധനകൾ കർശനമായിട്ടും അന്യസംസ്ഥാനങ്ങളിൽ നിന്ന് ആഴ്ചകൾ പഴക്കമുള്ള മത്സ്യം ലോഡ് കണക്കിന് ഇവിടേക്ക് എത്തിക്കുന്നതെന്ന ആരോപണമുണ്ട്. ഇവിടേക്ക് എത്തുന്നതിന്റെ പത്തിലൊന്ന് മാത്രമാണ് പിടിക്കപ്പെടുന്നതെന്ന് അധികൃതർ തന്നെ തുറന്ന് സമ്മതിക്കുന്നു. കുടുംബം പട്ടിണിയിലാകാതിരിക്കാൻ മത്സ്യകച്ചവടക്കാർ മീനിന്റെ ഗുണനിലവാരം നോക്കാതെ വാങ്ങി കച്ചവടം ചെയ്യുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയ്ക്കൊപ്പം നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്നുള്ള മത്സ്യം എത്തിയിരുന്ന കോട്ടയം, പത്തനംതിട്ട ജില്ലക്കാരും രുചിയുള്ള മത്സ്യം കഴിച്ചിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്.
ആര്യങ്കാവിൽ സ്ഥിരം സ്ക്വാഡ്
തമിഴ്നാട്ടിൽ നിന്ന് വരുന്ന പഴകിയ മത്സ്യം കൈയോടെ പിടിക്കാൻ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡ് ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ 24 മണിക്കൂറും പരിശോധന നടത്താൻ ധാരണയായിട്ടുണ്ട്.