കൊല്ലം: അമ്മയുടെ അടി പേടിച്ച് അടുക്കള സ്ലാബിനടിയിൽ ഒളിച്ചിരുന്ന മൂന്ന് വയസുകാരി ബന്ധുക്കളെയും നാട്ടുകാരെയും ഭയപ്പെടുത്തി. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം മയ്യനാട് ധവളക്കുഴിയിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു പരിഭ്രാന്തി പടർത്തിയ സംഭവം.
കുട്ടിയെ കുളിപ്പിച്ച് കഴിഞ്ഞ് വസ്ത്രങ്ങളണിയാൻ അമ്മ പറഞ്ഞെങ്കിലും കുട്ടി കൂട്ടാക്കിയില്ല. ഇതോടെ അമ്മ വടിയെടുക്കുന്നത് കണ്ട് കുഞ്ഞ് അകത്തേക്കോടി. തുടർന്ന് അമ്മ മറ്റ് ജോലികൾ ചെയ്ത് കഴിഞ്ഞ് കുഞ്ഞിനെ വിളിച്ചെങ്കിലും മറുപടി കേട്ടില്ല. ഇതോടെ വീടിനകത്തും പുറത്തും അമ്മയും അമ്മൂമ്മയും ചേർന്ന് കുഞ്ഞിനെ തെരഞ്ഞു. കാണാതായതോടെ പരിഭ്രാന്തരായ അമ്മയും അമ്മൂമ്മയും നിലവിളിക്കുന്നത് കേട്ട് അയൽക്കാർ ഓടിക്കൂടി.
ചിലർ റോഡിലും പരിസരങ്ങളിലും തിരക്കിയിറങ്ങി. മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് ഇരവിപുരം പൊലീസിനെയും അറിയിച്ചു. ഇതിനിടെ അയൽവീട്ടിലെ സ്ത്രീ കുഞ്ഞിന്റെ വീട്ടിൽ കയറി എല്ലാ ഭാഗങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് അടുക്കള സ്ലാബിനടിയിൽ പതുങ്ങിയിരുന്ന നിലയിൽ കണ്ടത്. ഇതോടെ നിലവിളികൾ കൂട്ടച്ചിരിക്കും സന്തോഷത്തിനും വഴിമാറി.