covid-

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ കൊല്ലത്ത് ആശങ്കയേറി. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കനുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായി. ഇതിൽ നാലുപേരും ഡൽഹി നിസാമുദ്ദീൻ മസ്ജിദിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശികളായ ദമ്പതികൾ, ഇട്ടിവ സ്വദേശിയായ യുവാവ്, ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ജില്ലയിൽ ആദ്യം രോഗം സ്ഥരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു.

ജില്ലയിൽ നിന്ന് 11 പേരാണ് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്. രോഗം സ്ഥരീകരിച്ച നാലുപേർക്ക് പുറമേയുള്ള ഏഴുപേരുടെയും തൊണ്ടയിലെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം നെഗറ്റീവാകണേയെന്ന പ്രാർത്ഥനയിലാണ് എല്ലാവരും. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ റൂട്ട് മാപ്പുകൾ പ്രകാരം വലിയ ആശങ്കയ്ക്ക് ഇടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കരുതലും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കേണ്ടതുണ്ട്.

രോഗികളുടെ എണ്ണം കൂടുമ്പോഴും നിരത്തിൽ അനാവശ്യമായി ഇറങ്ങുന്നവരുടെ എണ്ണം കൂടുന്നതാണ് ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വിഷമത്തിലാക്കുന്നത്. ഇന്നലെയും അഞ്ഞൂറിലധികം കേസുകൾ എടുക്കേണ്ടി വന്നു. പരിഭ്രാന്തി വേണ്ടെങ്കിലും ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി മോശമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.