fish

 അതിർത്തി കടന്നെത്തുന്നത് വിഷ മത്സ്യങ്ങൾ

കൊല്ലം: ചോറിനൊപ്പം ഇത്തിരി മീൻ ചാറ് ഇല്ലെങ്കിൽ ഉച്ചയൂണ് ശരിയാകില്ലെന്ന് വാശി പിടിക്കുന്നവർ തൽക്കാലം അതൊന്ന് മാറ്റിവയ്ക്കുന്നതാണ് നല്ലത്. അതിർത്തി കടന്നെത്തുന്ന വിഷ മത്സ്യങ്ങളാണ് ജില്ലയുടെ വിപണികളിൽ വിറ്റഴിക്കപ്പെടുന്നതിലേറെയും. വാങ്ങി കഴിച്ചാൽ കൊവിഡ് 19 കാലത്തെ ലോക്ക് ഡൗൺ ദുരിതത്തിനൊപ്പം ആശുപത്രി വാസവും അനുഭവിക്കേണ്ടി വന്നേക്കാം.

ജില്ലയിലെ 1,600 ലേറെ യന്ത്രവൽകൃത യാനങ്ങൾ കടലിൽ ഇറക്കാനാകാതെ തീരത്ത് അടുപ്പിച്ചിട്ട് രണ്ടാഴ്ചയോളമാകുന്നു. കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് ലോക്ക് ഡൗൺ കാലത്ത് ഉപാധികളോടെ കടലിൽ പോകുന്നത്. അവർ കൊണ്ടുവരുന്ന മത്സ്യം ജില്ലയുടെ ആവശ്യം പൂർത്തീകരിക്കാൻ തികയില്ല. കൊല്ലത്തിന്റെ മനസ് നിറയ്ക്കാൻ കഴിയുന്ന തരത്തിൽ അഷ്ടമുടിയിലും മത്സ്യസമ്പത്ത് ഇല്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 25 ടണ്ണിലേറെ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ മത്സ്യമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. ഏകദേശം അരക്കോടിയിലേറെ രൂപയുടെ മൂല്യം വരും പിടിച്ചെടുത്ത മത്സ്യങ്ങൾക്ക്. സമയബന്ധിതമായി പിടികൂടാൻ കഴിയാതെ പോയിരുന്നെങ്കിൽ അത്രയും വിഷമത്സ്യങ്ങൾ ജില്ലയിലെ സാധാരണക്കാരന്റെ അടുക്കളയിൽ എത്തിയേനെ.

ചക്കയും മാങ്ങയും ചീരയും ആവോളമില്ലേ?

ചുറ്റുപാടിനെ അറിയാനുള്ള അവസരവും പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്തുമാണ് ലോക്ക് ഡൗൺ കാലം നൽകുന്നത്. മീനില്ലാതെ ചോറ് കഴിക്കാനാകില്ലെന്ന മനസിന്റെ ചിന്തയെ മറികടക്കാനും ശ്രമം വേണം. ഒരു മായവുമില്ലാതെ ചക്ക, മാങ്ങ, ചീനി, ചീര തുടങ്ങി വേണ്ടതെല്ലാം ചുറ്റുപാടിലുണ്ട്. മിക്ക പറമ്പിലും ചക്കയുണ്ട്. ഇല്ലാത്തവർ ആവശ്യപ്പെട്ടാൽ നിറഞ്ഞ മനസോടെ കൊടുക്കാനും ആളുണ്ട്. നാട്ടിലെ കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയാൽ അതവർക്ക് സഹായമാകുമെന്ന് മാത്രമല്ല വിഷമില്ലെന്ന് ഉറപ്പിക്കുകയുമാകും.

ഫോർമാലിനും ആരോഗ്യ പ്രശ്നങ്ങളും

1. ഫോർമാലിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തു.

2. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി മൃതദേഹം സൂക്ഷിക്കുന്നത് ഫോർമാലിൻ ലായനിയിലാണ്.

3. ആറ് മാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേട് കൂടാതെ സൂക്ഷിക്കാനാകും.

4. മത്സ്യം കേട് കൂടാതെ സൂക്ഷിക്കാൻ വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നു.

5. ചെറിയ അളവിൽ ശരീരത്തിലെത്തിയാലും വിഷമായി പ്രവർത്തിക്കും.

6. കരളും വൃക്കയും ഉൾപ്പെടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.

7. കാൻസറിന്റെ കാരണങ്ങളിലൊന്നായി മാറുന്നു.

ചൊറിച്ചിൽ, ഛർദ്ദി, വയറുവേദന

ചൂര മീൻ കണ്ട് കൊതി തോന്നി വാങ്ങിയവരെല്ലാം മണിക്കൂറുകൾക്കകം വെട്ടിലായി. കറി വെന്ത് തുടങ്ങിയപ്പോൾ തന്നെ ദുർഗന്ധം അനുഭവപ്പെട്ടവർ ഭാഗ്യവാന്മാർ, കഴിക്കേണ്ടി വന്നില്ലല്ലോ!. കഴിച്ചവരിൽ മിക്കവർക്കും ശരീരമാസകലം ചൊറിച്ചിൽ, ഛർദ്ദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടു. കൊവിഡ് ഭയത്തിൽ ആശുപത്രിയിൽ പോകാതെ കഴിച്ച് കൂട്ടിയവരാണ് ഏറെയും. ഉണക്കമീൻ എന്ന പേരിൽ പുഴുവരിച്ച വിഷ മത്സ്യങ്ങളും വിൽക്കുന്നുണ്ട്.

വളർത്ത് മത്സ്യം, പോത്തിറച്ചി,

കോഴിയിറച്ചി, പ്രിയം കൂടി

മത്സ്യവിപണിയിൽ അമിത വിലയും വിഷവും നിറഞ്ഞതോടെ ജനം ബദൽ മാർഗങ്ങൾ തേടി തുടങ്ങി. വളർത്ത് മത്സ്യങ്ങൾ കർഷകരിൽ നിന്ന് തേടി പിടിച്ച് വാങ്ങുന്നു. തീ വിലയുടെ വെല്ലുവിളി ഉണ്ടായിരുന്നുവെങ്കിലും കോഴിയിറച്ചിക്കും പോത്തിറച്ചിക്കും ആവശ്യക്കാരുണ്ട്.

''

മനുഷ്യ ശരീരത്തിനുള്ളിൽ ഫോർമാലിൻ എത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. നിരന്തര ഉപയോഗം ആന്തരിക അവയവങ്ങളുടെ പ്രവർ‌ത്തനത്തെ ബാധിക്കും

ഡോ.വി. വസന്തദാസ്

കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട്