കരുനാഗപ്പള്ളി: കഴിഞ്ഞ ഒരു മാസക്കാലമായി സിവിൽ സപ്ലൈസ് കരുനാഗപ്പള്ളി ഡിപ്പോയിലെ താത്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ള ഒരു ദിവസം പോലും മുടങ്ങാതെ ജോലിയിലാണ്. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ ഹൈപ്പർ മാർക്കറ്റ് അടക്കം 28 ഔട്ട്ലെറ്റുകളും രണ്ട് എൻ.എഫ്.എസ്.എ ഡിപ്പോകളും ഒരു എൽ.പി.ജി വിതരണ കേന്ദ്രവുമാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നത്. കാർഡുടമകൾക്ക് സൗജന്യ റേഷൻ നല്കുന്നതിനോടൊപ്പം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നല്കുന്നതിനുള്ള ജോലികൾ കരുനാഗപ്പള്ളി താലൂക്കിൽ പൂർത്തിയായി കഴിഞ്ഞു.
കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലായി എ.എ.വൈ വിഭാഗത്തിന് 10927കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം പൂർത്തീകരിച്ച് കഴിഞ്ഞു. എ.എ.വൈ വിഭാഗങ്ങൾക്കുള്ള കിറ്റുകൾ തയ്യാറാക്കി കഴിയുന്ന മുറയ്ക്ക് മുൻഗണന, പൊതു വിഭാഗം സബ്സിഡി, പൊതു വിഭാഗം കാർഡുടമകൾക്ക് വിതരണത്തിനുള്ള കിറ്റുകൾ നിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി സപ്ലൈകോ ഡിപ്പോ മാനേജർ വി.പി. ലീലാകൃഷ്ണൻ പറഞ്ഞു.