കൊല്ലം: ചികിത്സയ്ക്ക് പണമില്ലാതെ തിരുവനന്തപുരം ആർ.സി.സിയിൽ എത്തുന്ന നിർദ്ധന രോഗികളോട് അവിടുത്തെ ഡോക്ടർമാർ പറയും, 'കൊല്ലത്തൊരു നല്ല മനുഷ്യനുണ്ട്. പ്രകാശൻ പിള്ളയെന്നാണ് പേര്. അദ്ദേഹത്തെ പോയൊന്ന് കണ്ട് നോക്ക് '. പ്രകാശൻപിള്ളയെ തേടി കൊല്ലത്തെത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കാരുണ്യവൃക്ഷത്തിന്റെ തണൽ തേടിയെത്തുന്നവർ ആർ. പ്രകാശൻപിള്ളയെന്ന കരുണയുടെ ആൾ രൂപത്തെ കണ്ട് സംതൃപ്തിയോടെ മടങ്ങും.
കഷ്ടപ്പെടുന്നവരുടെയും വേദന അനുഭവിക്കുന്നവരുടെയും ജീവിതത്തിലേക്ക് അദ്ദേഹം പ്രകാശം പരത്തുകയാണ്. വരുമാനത്തിന്റെ ചെറു വിഹിതമല്ല, എഴുപത് ശതമാനത്തോളമാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ പ്രകാശൻപിള്ളയ്ക്ക് ഇപ്പോൾ പതിവ് തിരക്കുകളില്ല. ഉളിയക്കോവിലിലെ വസതിയായ 'ശിവശൈല'ത്തിൽ ഭാര്യ സി.എസ്. ഗീതയും മൂത്തമകൾ പി.ജി. ഹരിതയും ഇളയമകൾ പി.ജി. അമൃതയുമുണ്ട്. കോയിക്കൽ ഗവ.എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപികയാണ് ഗീത. എറണാകളം അമൃത മെഡിക്കൽ സയൻസിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ഹരിത. കൊല്ലം വിമലഹൃദയ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അമൃത. അമൃതയുടെയും ഹരിതയുടെയും കുട്ടിക്കാല വികൃതികളൊക്കെ ഓർത്തെടുത്ത് പങ്കുവച്ച് ശിവശൈലം ഇപ്പോൾ ഹാപ്പി മൂഡിലാണ്.
നേരത്തെ പല ആവശ്യങ്ങളുമായി നേരം പുലരുമ്പോൾ തന്നെ വീട്ടിലേക്ക് ആളുകളെത്തുമായിരുന്നു. പിന്നെ അവർക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കായി ഇറങ്ങുകയായി. ഇപ്പോൾ എല്ലാവരും ലോക്കായതിനാൽ സാമൂഹ്യ പ്രവർത്തനത്തിന് അവധി നൽകിയിരിക്കുകയാണ്. പക്ഷെ ലോക്ക് ഡൗൺ വേള വെറുതെ കളയുന്നില്ല. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം" വീണ്ടും വായിച്ചു. ബഷീറിന്റെ 'ഭാർഗവീനിലയ'വും ഉറൂബിന്റെ 'രാച്ചിയമ്മ'യും വായിച്ചു തീർത്തു. മുമ്പ് വാങ്ങിവച്ച കെ.ആർ. മീരയുടെ 'ആരാച്ചാർ' വായിക്കുകയാണ്. കൂലിക്കാരെ നിറുത്തി ചെയ്യിച്ചിരുന്ന പുരയിടത്തിലെ കൃഷിയും സ്വന്തമായി തന്നെ ചെയ്യുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്ര് സെക്രട്ടറിയാണ്. റോട്ടറി ക്ലബ് ഒഫ് ക്വയിലേൺ റോയൽ സിറ്റിയുടെ പ്രസിഡന്റായിരിക്കെ സ്കൂളുകളിൽ ശുചിമുറുകൾ നിർമ്മിച്ച് നൽകി. ഭിന്നശേഷിക്കാർക്ക് വീൽച്ചെയറുകൾ സൗജന്യമായി നൽകി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം നിർമ്മിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ വിവിധ സ്കൂളുകളിലായി ആയിരത്തോളം പത്രം എത്തിക്കുന്നുണ്ട്. ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയുമാണ്.
കാരുണ്യ സ്പർശങ്ങളിൽ ചിലത്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠന സഹായം
25 കാൻസർ രോഗികൾക്ക് മരുന്ന് വാങ്ങാനും കിഡ്നി രോഗികൾക്കും ഡയാലിസ് നടത്താനും മാസം തോറും സാമ്പത്തിക സഹായം
രണ്ട് പെൺമക്കളുള്ളതും ഭർത്താവ് ഉപേക്ഷിച്ചതോ മരിച്ചതോ ആയ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ പെൻഷൻ
വിശന്ന് വലഞ്ഞ തന്റെ കുട്ടിക്കാലം മറ്റാർക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ 2016-17 വർഷം കൊല്ലം നഗരത്തിലെ എൽ.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണ വിതരണം
പട്ടിണി രുചിച്ച കുട്ടിക്കാലം
ഇന്ന് സൗഭാഗ്യങ്ങളുടെ നടുവിൽ നിൽക്കുന്ന പ്രകാശൻപിള്ളയ്ക്ക് ഒരു പിൻകഥയുണ്ട്. കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞ ബാല്യകാലം.1965 ഏപ്രിൽ 16ന് ഉളിയക്കോവിലിൽ രാഘവൻപിള്ള- ഭാഗീരഥി അമ്മ ദമ്പതികളുടെ ആറ് മക്കളിൽ അഞ്ചാമനായാണ് ജനനം. കുട്ടിക്കാലത്ത് ഒരുനേരം പോലും വയർ നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന ചേമ്പും ചേനയുമൊക്കെ വിറ്റായിരുന്നു മറ്റ് ആഹാര സാധനങ്ങൾ വാങ്ങിയിരുന്നത്. ഭാഗീരഥി അമ്മ അത് മക്കൾക്കെല്ലാം തുല്യമായി പങ്കിട്ട് കഴിയുമ്പോൾ പാത്രത്തിൽ പേരിന് മാത്രമേ ബാക്കി ഉണ്ടാകുകയുള്ളു.
ഉളിയക്കോവിൽ സ്കൂൾ, കടപ്പാക്കട ടി.കെ.ഡി.എം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അന്ന് പത്താംക്ലാസ് ജയിക്കുന്നവർക്കെല്ലാം അച്ഛനമ്മമാർ സൈക്കിൾ വാങ്ങിക്കൊടുക്കുമായിരുന്നു. പ്രകാശൻ പിള്ളയുടെ സ്വപ്നത്തിൽ പോലും അതുണ്ടായിരുന്നില്ല. ഒരു ജോഡി ചെരുപ്പായിരുന്നു കുഞ്ഞുപ്രകാശൻപിള്ളയുടെ സ്വപ്നം. എല്ലാ വിഷയങ്ങളും 40 പേജുള്ള ബുക്കിൽ കുഞ്ഞക്ഷരങ്ങളിൽ എഴുതിയായിരുന്നു പത്താം ക്ലാസ് പഠനം. പിന്നെ കരിക്കോട് ടി.കെ.എം ആർട്സ് കോളേജിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നാടകാഭിനയം അടക്കമുള്ള കലാ-സാംസ്കാരിക, സമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി. അങ്ങനെയിരിക്കെ ഗൾഫിലേക്കൊരു വിസ കിട്ടി. ഇപ്പോൾ ഇവിടെ പണിക്കെത്തുന്ന ബംഗാളികളുടെ അവസ്ഥയായിരുന്നു അവിടെ. അഞ്ചും പത്തും നിലകളുള്ള കെട്ടിടങ്ങൾക്ക് മുകളിലേക്ക് നിർമ്മാണ സാമഗ്രികൾ തലച്ചുമടായി കയറ്റണം. ഇതിനിടെ പത്രത്തിൽ ഒരു വാണ്ടഡ് പരസ്യം കണ്ടു. ഒരു ബ്രിട്ടീഷ് കമ്പനിയിൽ ഓഫീസ് സ്റ്റാഫിന്റെ ഒഴിവ്. അഭിമുഖത്തിന് ചെന്നപ്പോൾ 1500 ഓളം പേരുണ്ട്. ഇന്റർവ്യൂ ബോർഡിന് മുന്നിൽ പ്രകാശൻപിള്ളയിലെ പഴയ നാടക നടൻ ഉണർന്നു. തന്നെക്കാൾ യോഗ്യരുണ്ടായിട്ടും ബ്രിട്ടീഷ് മുതലാളിമാർ തന്നെ തിരഞ്ഞടുത്തു. പത്ത് വർഷത്തത്തിന് ശേഷം കുറച്ച് സമ്പാദ്യവുമായി ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തി. പിന്നെയാണ് ഇപ്പോൾ പാവപ്പെട്ടവരുടെ ആശ്രയമായ ആർ.പി ബാങ്കേഴ്സ് പടുത്തുയർത്തിയത്.
25 നിർദ്ധന യുവതികളെ സുമംഗലികളാക്കും
ഗൾഫിൽ നിന്ന് മടങ്ങിയെത്തി ആർ.പി ബാങ്കേഴ്സ ആരംഭിച്ചിട്ട് 25 വർഷം തികയുകയാണ്. അത് ഗംഭീരമായി തന്നെ ആഘോഷിക്കാനാണ് തീരുമാനം. വെറുതെ അടിച്ചുപൊളിയല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 പെൺകുട്ടികളുടെ വിവാഹം നടത്തണം. വിഭവസമൃദ്ധമായ സദ്യ അടക്കം ഗംഭീരമായ വിവാഹ ചടങ്ങിന് പുറമെ ഓരോ പെൺകുട്ടിക്കും 5 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും നൽകും. പത്രങ്ങളിലൂടെയാകും അർഹരായ യുവതികളെ കണ്ടെത്തുക.
ആർ.പി ബാങ്കേഴ്സിന് ഇപ്പോൾ അഞ്ച് ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ 5ന് അയത്തിലിൽ പുതിയ ബ്രാഞ്ച് ആരംഭിക്കാനിരുന്നതാണ്. ലോക്ക് ഡൗൺ കാരണം മാറ്റിവച്ചു. ഈ വർഷം തന്നെ മറ്റു രണ്ടിടത്ത് കൂടി പുതിയ ബ്രാഞ്ച് തുടങ്ങും
ലഭിച്ച പ്രധാന പുരസ്കാരങ്ങൾ
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള വിയറ്റ്നാം സർക്കാരിന്റെ സ്റ്റാർ ഒഫ് ഏഷ്യ പുരസകാരം (2018),
ജീവകാരുണ്യ പ്രവർത്തനത്തിന് മലേഷ്യൻ സർക്കാരിന്റെ എ.പി.ജെ അബ്ദുൽ കലാം ഇന്റർനാഷണൽ അവാർഡ് (2019)
ഡോ. പല്പു സ്മൃതി പുരസ്കാരം (2019)
ആർ. ശങ്കർ സാംസ്കാരിക സമിതി പുരസ്കാരം (2019)
ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ അവാർഡ് (2018)
നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ് (2017)
മഹാത്മഗാന്ധി സംസ്ഥാന അവാർഡ് (2017), ദേശീയോദ്ഗ്രഥന അവാർഡ് (2016)
രാജീവ് ഗാന്ധി സാംസ്കാരിക സമിതി അവാർഡ് (2016)