thodiyur
തൊടിയൂർ നോർത്ത് ക്ഷീരോദ്പാദക സഹകരണ സംഘാംഗങ്ങൾക്കുള്ള മാസ്ക് വിതരണം സംഘം പ്രസിഡൻറ് ഷിബു എസ്.തൊടിയൂർ നിർവഹിക്കുന്നു

ഓച്ചിറ: ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതികളുമായി തൊടിയൂർ നോർത്ത് ക്ഷീരസംഘം. ഹാൻഡ് വാഷ് ബൂത്ത് സ്ഥാപിച്ചതോടൊപ്പം സംഘത്തിലെ കർഷകർക്കും ഉപഭോക്താക്കൾക്കും സൗജന്യ മാസ്ക് വിതരണം നടത്തി. ഡിസംബർ ജനുവരി മാസങ്ങളിൽ പാൽ അളന്നിട്ടുള്ള ക്ഷീരകർഷകർക്ക് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പ്രഖ്യാപിച്ച ലിറ്ററിന് ഒരു രൂപ ധനസഹായം സമ്മർ ഇൻസെന്റീവായി ഏപ്രിൽ 10 മുതൽ നൽകും.

സെപ്തംബറിൽ പാൽവില വർദ്ധിപ്പിച്ചപ്പോൾ സംഘത്തിലെ പ്രാദേശിക പാൽ വിൽപ്പനയിൽ നിന്ന് ലിറ്ററിന് 2 രൂപ വീതം കർഷക ക്ഷേമത്തിനായി മാറ്റി വയ്ക്കാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. സെപ്തംബർ 17 മുതൽ മാർച്ച് 31 വരെ നടന്ന വിൽപ്പനയിലൂടെ സമാഹരിച്ച 140000 രൂപയിൽ നിന്ന് സംഘത്തിൽ അളന്ന പാൽ വിലയുടെ അടിസ്ഥാനത്തിൽ 1.3 ശതമാനം അധിക ഇൻസന്റീവായി സമ്മർ ഇൻസന്റീവിനോടൊപ്പം കർഷകർക്ക് നൽകും. സംഘത്തിൽ നടന്ന ചടങ്ങ് തൊടിയൂർ നോർത്ത് ക്ഷീരോദ്പാദക സഹകരണസംഘം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ ഉദ്ഘാടനം ചെയ്തു. എ. തങ്ങൾകുഞ്ഞ്, ബി. സത്യദേവൻ പിള്ള, എസ്.ബി. മോഹനൻ, ജനാർദ്ദനൻ, രാജു തോമസ്, വത്സല, രമ, റഷീദാ ബീവി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി. മീനു സ്വാഗതവും ലാബ് അസിസ്റ്റൻറ് ഷൈനി ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു.