fish

കൊല്ലം: രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെത്തിയത് 5,000 ടണ്ണിലേറെ വിഷമത്സ്യമെന്ന് പൊലീസ് ഇന്റലിജൻസിന്റെ പ്രാഥമിക നിഗമനം. ഇതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തത് 1,250 ടണ്ണോളം മാത്രം. ബാക്കി 3,750 ടൺ മത്സ്യം മലയാളികൾ ഭക്ഷിച്ചു കഴിഞ്ഞു. വിഷമത്സ്യം കഴിച്ച് നിരവധി പേർക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായി. കൊവിഡ് വ്യാപന ഭീതിയിൽ മിക്കവരും ആശുപത്രിയിൽ പോകാൻ മടിച്ചതിനാലാണ് ഇതിന്റെ ഭീകരത വാർത്തയാകാതെ പോയത്. മംഗലാപുരം, തൂത്തുക്കുടി, നാഗർകോവിൽ, കോയമ്പത്തൂർ, സേലം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മത്സ്യം കേരളത്തിലെത്തിയത്.

നേരത്തെ എത്തിയ മുഴുവൻ മത്സ്യവും കയറ്റുമതി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്നതാണ്. ലോക്ക് ഡൗണിൽ കുടുങ്ങി കയറ്റുമതി നിലച്ചതോടെ അവ ഫോർമാലിൻ ചേർത്ത് വിൽപനയ്ക്കെത്തിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ശക്തവും വ്യാപകവുമായ പരിശോധന നടക്കുന്നതിനാൽ കുടുതലും വിറ്റഴിക്കുന്നത് കേരളത്തിലാണ്. ജി.എസ്.ടി വന്നശേഷം സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകൾ മാത്രമാണുള്ളത്. കൊവിഡ് കാലത്ത് ഈ വിഭാഗവും പൊലീസും അഗ്നിശമന സേനയും സംയുക്തമായി പരിശോധിച്ചാണ് ചരക്കുവാഹനങ്ങൾ കടത്തിവിടുന്നത്. വാഹനങ്ങളുടെ ബില്ലുകൾ പരിശോധിച്ച് വിടുന്നതല്ലാതെ ഉള്ളിലുള്ള ഉൽപ്പന്നങ്ങൾ തുറന്നു നോക്കാറില്ല.

ചെക്ക് പോസ്റ്റിൽ കണ്ണടയ്ക്കുന്നു

ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ളവർ‌ പരിശോധന നടത്തി മോശം മത്സ്യമെന്ന് ബോദ്ധ്യപ്പെട്ടാൽ വിവരം പൊലീസിനെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നതാണ് നിയമം. ഇത് പാലിക്കാതെ കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിടുന്നതായാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികൾക്ക് പോലും ഇപ്പോൾ കാര്യമായ പരിശോധന നടക്കുന്നില്ല. പൊലീസ് സഹായത്തോടെ വിഷമത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകൾക്ക് സമീപം സംഘമായി നിന്ന് പരിശോധന നടത്തി മോശം മൽസ്യം പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കെെമാറുകയും ചെയ്തിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പാടെ നിലച്ച മട്ടാണ്.

''

ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ശക്തമായ പരിശോധന വരും ദിവസങ്ങളിലുണ്ടാവും.

കെ. ശ്രീകല,

ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ