photo
പീറ്റർകുട്ടി

കൊല്ലം: കേരള പൊലീസിന്റെ പേരിൽ വ്യാജ സത്യവാങ്മൂലം നിർമ്മിച്ച് കടയിൽ വിൽപ്പന, പ്രതി പിടിയിൽ. കൊട്ടാരക്കര എഴുകോൺ ഇടയ്ക്കിടം ചൊവ്വള്ളൂർ സ്കൂളിന് സമീപം വിളയിൽ പുത്തൻവീട്ടിൽ പീറ്റർ കുട്ടിയാണ്(47) പിടിയിലായത്. ചൊവ്വള്ളൂരിലെ കടയിലൂടെയാണ് സത്യവാങ്മൂലം രണ്ട്, അഞ്ച് രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നത്. അടുത്തുള്ളവർക്ക് രണ്ട് രൂപയ്ക്കും പരിചയമില്ലാത്തവർക്ക് അഞ്ച് രൂപയ്ക്കുമാണ് സത്യവാങ്മൂലം നൽകുക. ലോക് ഡൗൺ ആയതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കേണ്ടവർക്കാണ് സത്യവാങ്മൂലം വിതരണം ചെയ്തുവന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക സത്യവാങ്മൂലമെന്ന നിലയിലാണ് ഇത് പ്രിന്റ് ചെയ്തിരുന്നത്. ഇവിടുന്ന് വാങ്ങിയ സത്യവാങ്മൂലവുമായി സഞ്ചരിച്ച ബൈക്ക് യാത്രികനെ പൊലീസ് കുഴിമതിക്കാട് വച്ച് തടഞ്ഞു. സ്വാഭാവികമായി വാഹനം തടഞ്ഞ് കാര്യം ചോദിച്ചപ്പോൾ ബൈക്ക് യാത്രികൻ പൊലീസിനോട് തട്ടിക്കയറി. തുടർന്നാണ് ഇയാളുടെ പക്കലുള്ള സത്യവാങ്മൂലം പൊലീസ് വിശദമായി പരിശോധിച്ചത്. കേരള പൊലീസ് എന്ന തലക്കെട്ട് നൽകിയതായിരുന്നു സത്യവാങ്മൂലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പീറ്റർകുട്ടിയുടെ കടയിൽ നിന്നും വാങ്ങിയതാണെന്ന് വ്യക്തമായത്. തുടർന്ന് എഴുകോൺ സ്റ്റേഷനിലെ എസ്.ഐയും സംഘവും പീറ്റർകുട്ടിയുടെ കടയിലെത്തി സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ രണ്ടുരൂപ വിലപറഞ്ഞ് എസ്.ഐയ്ക്കും നൽകി. തുടർന്നാണ് പീറ്റർ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. എഴുകോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.