പത്തനാപുരം: തെരുവിൽ വിശന്ന് അലഞ്ഞ മനസിക രോഗിയായ യുവാവിന് രക്ഷകരായി പത്തനാപുരം പൊലീസ്.പത്തനാപുരം ജംഗ്ഷനിലും പരിസരത്തും ദിവസങ്ങളായി അലഞ്ഞുനടന്ന യുവാവിനെ നടുക്കുന്ന് മുസ്ലീം പള്ളിക്ക് സമീപം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു. ഇയാൾക്ക് പൊലീസുകാർ ആഹാരവും വെള്ളവും വാങ്ങി നല്കി. ചിക്കൻപോക്സ് പിടിപെട്ട് ദേഹാമാസകലം കുരുക്കൾ വന്ന സ്ഥിതിയിലായിരുന്ന യുവാവിനെ സി.ഐ വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിവൻ പ്രവർത്തകരെത്തി ആംബുലൻസിൽ ഗാന്ധിഭവന്റെ പ്രത്യേക നിരീക്ഷണ പരിചരണ വിഭാഗത്തിലെത്തിച്ചു
35 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഹിന്ദിയാണ് സംസാരിക്കുന്നത്. മാനസിക വിഭ്രാന്തി കാട്ടുന്ന യുവാവ് ചോദ്യങ്ങൾക്കൊന്നും മറുപടി പറയാത്തതിനാൽ സ്വദേശം ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. രോഗം ഭേദമാകുമ്പോൾ സ്വദേശം കണ്ടെത്തി വീട്ടുകാരെ ഏൽപ്പിക്കുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി സോമരാജൻ അറിയിച്ചു.