kitchen

 പ്രവർത്തിച്ചത് 100 സാമൂഹിക അടുക്കളകൾ

 28 ജനകീയ ഹോട്ടലുകളിലൂടെ 3,406 ഉച്ചഭക്ഷണം വിൽപ്പന

കൊല്ലം: സാമൂഹിക അടുക്കളകളിലൂടെ അനർഹർക്ക് സൗജന്യ ഭക്ഷണം നൽകിയാൽ ഉദ്യോഗസ്ഥർ ബാദ്ധ്യതക്കാരാകുമെന്ന സർക്കാർ ഉത്തരവ് വന്നതോടെ ദുരുപയോഗം വൻ തോതിൽ കുറഞ്ഞു. ജില്ലയിലെ 100 സാമൂഹിക അടുക്കളകളിലൂടെ ഇന്നലെ 11,620 സൗജന്യ ഉച്ചഭക്ഷണമാണ് വിതരണം ചെയ്തത്. ഒരു അടുക്കളയിൽ നിന്ന് ശരാശരി 116 പേർക്ക് മാത്രമാണ് സൗജന്യമായി ഉച്ചഭക്ഷണം നൽകിയത്.

732 പേർക്ക് സൗജന്യ പ്രഭാത ഭക്ഷണവും അടുക്കളകൾ ലഭ്യമാക്കി. എന്നാൽ ഇതേ സമയം ജില്ലയിലെ 28 ജനകീയ ഹോട്ടലുകൾ വഴി 3,406 ഉച്ചഭക്ഷണ പൊതികൾ വിറ്റഴിക്കാനുമായി. സാമൂഹിക അടുക്കളകളുടെ ആദ്യ ദിനങ്ങളിൽ ഇരുപതിനായിരത്തിലേറെ സൗജന്യ ഉച്ചഭക്ഷണ പൊതികൾ ജില്ലയിൽ വിതരണം ചെയ്തിരുന്നു. സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ഇഷ്ടക്കാർക്കെല്ലാം ഭക്ഷണം നൽകുക എന്നതായിരുന്നു പതിവ്.

സൗജന്യ റേഷൻ വിതരണം പൂർതത്തീകരിച്ച ശേഷവും സൗജന്യ ഭക്ഷണത്തിന്റെ അളവ് കുറയാതെ വന്നപ്പോൾ ആരൊക്കെയാണ് സൗജന്യ ഭക്ഷണത്തിന് അർഹതയുള്ളതെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ആർ.എസ്. കണ്ണൻ ഉത്തരവിറക്കിയിരുന്നു. ഇതിനെയും മറികടന്ന് തന്നിഷ്ടപ്രകാരം ചില അടുക്കളകൾ പ്രവർത്തിച്ചതോടെയാണ് അനർഹർക്ക് സൗജന്യം ഭക്ഷണം നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാദ്ധ്യതക്കാരാകുമെന്ന് കാട്ടി പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് പുറത്ത് വന്നത്.

ഇതോടെ അത്യാവശ്യക്കാരിലേക്കും അർഹരിലേക്കും മാത്രമായി അടുക്കളയുടെ പ്രവർത്തനം ചുരുക്കാനായി. എന്നാൽ കൈയിൽ പണില്ലെന്ന കാരണത്താൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ട സാഹചര്യവും നിലവിലില്ല.