സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കൊല്ലം: ലോക്ക് ഡൗൺ ദുരിതത്തിൽ ജോലിയും കൂലിയും നിലച്ച സാധാരണ ജീവിതങ്ങളുടെ സാമ്പത്തിക നില താളം തെറ്റുന്നു. ആട്ടോറിക്ഷാ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്വകാര്യ ബസ്- ലോറി- മിനി ബസ് - ടൂറിസ്റ്റ് ബസ് ജീവനക്കാർ, അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ - പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്.
തൊഴിൽ ശാലകളിൽ പലതിനെയും ലോക്ക് ഡൗൺ ഗുരുതരമായി ബാധിച്ചതിനാൽ കഴിഞ്ഞ മാസം ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം പോലും മാസ ശമ്പളക്കാരായ തൊഴിലാളികളിൽ പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ നൽകിയ സൗജന്യ റേഷൻ എല്ലാ വീടുകളിലും എത്തിയതിനാൽ കുറച്ച് ദിവസത്തേക്ക് കൂടി വീടുകളിൽ അരി ഉണ്ടാകും. പക്ഷേ പച്ചക്കറി, പലചരക്ക്, തേങ്ങ, വെളിച്ചെണ്ണ തുടങ്ങി അവശ്യം വേണ്ടതൊന്നും മിക്ക വീടുകളിലുമില്ല.
സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റായിരുന്നു മിക്കവരുടെയും പ്രതീക്ഷ. ഈ മാസം ആദ്യവാരത്തിൽ തന്നെ ലഭിക്കുമെന്ന് കരുതിയെങ്കിലും ലോക്ക് ഡൗൺ ദുരിതങ്ങൾ തീർന്നാലും കിറ്റ് വിതരണം പൂർത്തീയാകാനുള്ള സാദ്ധ്യത വിരളമാണ്. ഇതോടെ അവശ്യ സാധനങ്ങൾ വാങ്ങാൻ എന്ത് ചെയ്യണമെന്നറിയാത്ത ബുദ്ധിമുട്ടിലാണിവർ. വിവിധ കഷേമനിധികളിൽ അംഗത്വം ഉള്ളവർക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചെങ്കിലും ആനുകൂല്യം അർഹരിലേക്ക് പൂർണമായും എത്തിയിട്ടില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ ലോക്ക് ഡൗൺ ദുരിതങ്ങൾ നീണ്ടുപോയാൽ സാധാരണ തൊഴിലാളി കുടുംബങ്ങളുടെ അടിത്തറ ഇളകും.
......................................
ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ പണമില്ല
വരുമാനം നിലച്ച് ദുരിതത്തിലായ സാധാരണ കുടുംബങ്ങളിലെല്ലാം മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികളുണ്ട്. നേത്രരോഗികൾ, പ്രമേഹം ബാധിച്ചവർ, രക്താദിമർദം ഉ്ളളവർ എന്നിങ്ങനെ പലവിധ രോഗികൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു ഇൻസുലിൻ കാഡ്രിഡ്ജിന് 290 രൂപ കൊടുക്കണം. ആറ് ദിവസം ഉപയോഗിക്കാനേ ഇത് തികയൂ. 400 രൂപ വരെ വിലയുള്ള മരുന്ന് കണ്ണിലൊഴിക്കേണ്ട നേത്രരോഗികളുണ്ട്. രണ്ടാഴ്ച കണ്ണിലൊഴിക്കാൻ പോലും ഒരു ചെറിയ കുപ്പി മരുന്ന് തികയില്ല. തങ്ങളുടെ ചെറിയ വരുമാനം നിലയ്കക്കുന്നതോടെ അമ്മയുടെ, അച്ഛന്റെ, ഭാര്യയുടെ, കുഞ്ഞുങ്ങളുടെ മരുന്ന് വാങ്ങാൻ പോലും ഗതിയില്ലാതായവർ നിരവധിയാണ്.