പുനലൂർ: ലോക്ക്ഡൗണിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് 4 നേരം സൗജന്യമായി ആഹാരം നൽകി വാർഡ് കൗൺസിലർ മാതൃകയാകുന്നു. പുനലൂർ നഗരസഭയിലെ പ്ലാച്ചേരി വാർഡ് കൗൺസിലറും 35കാരനുമായ സനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വട്ടപ്പട ചങ്ങല മുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്. പുനലൂരിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊലീസുകാർ, വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവർ, ടൗണിൽ അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവർ തുടങ്ങിയവർക്കാണ് ഭക്ഷണം നൽകുന്നത്. രാവിലെ 10ന് മോര്, നാരങ്ങാവെള്ളം, ഉച്ചയ്ക്ക് പൊതിച്ചോറ്, വൈകിട്ട് നാലിന് ചായ, രാത്രി 9ന് ഇലയപ്പം, കുളക്കട്ട തുടങ്ങിയവയാണ് എല്ലാ ദിവസവും വിതരണം ചെയ്യുന്നത്. വാർഡിലെ കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് സമാഹരിക്കുന്ന കാർഷിക വിളകൾ വിറ്റഴിച്ച് കിട്ടുന്ന തുകയുടെ ലാഭവും നാട്ടുകാർ നൽകുന്ന സഹായവും കൂട്ടായ്മയുടെ പണവും ഉപയോഗിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. വാർഡിലെ 15 കുടുംബശ്രീകളിലെ ഓരോ യൂണിറ്റുകളും 160 പൊതിച്ചോറുകൾ ഒാരോ ദിവസവും നൽകുന്നുണ്ട്. ലോക്ക്ഡൗൺ പിൻവലിക്കുന്നതുവരെ ഭക്ഷണ വിതരണം തുടരുമെന്ന് കൗൺസിലർ അറിയിച്ചു.