30 ലിറ്രർ ചാരായം പിടിച്ചെടുത്തു
വീര്യം കൂട്ടാൻ ഐസോപ്രോപ്പിൽ ആൽക്കഹോൾ
കൊല്ലം: ചവറ തെക്കുംഭാഗം സെന്റ് സെബാസ്റ്റ്യൻ തുരുത്തിലെ കണ്ടൽ കാടുകൾക്കിടയിൽ വെള്ളത്തിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പകപ്പെടുത്തിയ 250 ലിറ്റർ കോടയും 50 കിലോ ശർക്കരയും വാറ്റുപകരണങ്ങളും ചാരയത്തിന് വീര്യം കൂട്ടാനെന്ന് സംശയിക്കുന്ന ഐസോപ്രോപ്പിൽ ആൽക്കഹോളും പിടിച്ചെടുത്തു.
ഐസോപ്രോപ്പിൽ ആൽക്കഹോൾ കണ്ണിനും കരളിനും മാരകമായ ദോഷം ഉണ്ടാക്കുന്ന രാസവസ്തുവാണ്. ഒരു കുപ്പി ഐസോപ്രോപ്പിൽ ആൽക്കഹോളിന്റെ മൂന്ന് കാലി കുപ്പികളും വാറ്റ് കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. പൈനാപ്പിൾ ഫ്ലേവർ എസൻസിന്റെ ആറ് കാലി കുപ്പികളും കണ്ടെടുത്തു. ഫ്രൂട്ട്സ് ചേർത്ത് വറ്റിയതാണെന്ന് പറഞ്ഞു വിൽപ്പന നടത്താനാണ് പൈനാപ്പിൾ ഫ്ലെവർ ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്നു. ആർക്കും വേഗം എത്തിപ്പെടാൻ കഴിയാത്ത തുരുത്തുകളിൽ പ്രവർത്തിക്കുന്ന വാറ്റ് കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താൻ എക്സൈസിന് ആലോചനയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 500 ലിറ്റർ വ്യാജ മദ്യവും 40 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. തുരുത്തിലെ വാറ്റ് കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്നുപേരടങ്ങുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, ബിനു ഗോപാൽ, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ്, പ്രവന്റിവ് ഓഫീസർ ശ്യം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, മനു.കെ. മണി, വിഷ്ണു, അനൂപ്.എ. രവി, ഗോപൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.