അപ്രതീക്ഷിത അഭിനന്ദനത്തിന്റെ ആഹ്ലാദത്തിൽ സിന്ധു സിസ്റ്റർ
കൊല്ലം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മലയാളത്തിന്റെ അഭിമാന താരം മോഹൻലാൽ നൽകിയ അഭിനന്ദനത്തിന്റെ ആഹ്ലാദത്തിലാണ് ചവറ അരവിന്ദ് ആശുപത്രിയിലെ നഴ്സ് സിന്ധു. ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് ശരത്ത് പട്ടത്താനത്തിന്റെ ഫോൺവിളി സിന്ധുവിനെ തേടിയെത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ആദരവ് അറിയിക്കുന്നുവെന്ന് പറഞ്ഞ ശേഷം ഫോൺ ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജിന് കൈമാറി. വിവരങ്ങൾ അന്വേഷിച്ച ശേഷം അരുൺരാജ് കോൺഫറൻസ് കോളിലൂടെ മുൻ മന്ത്രി ഷിബു ബേബിജോണിനെ ബന്ധപ്പെട്ടു. ഷിബു സംസാരിച്ചു തുടങ്ങിയ ശേഷം ഒരു നിമിഷം ഹോൾഡ് ചെയ്യാൻ അഭ്യർത്ഥിച്ചു..
മറു തലയ്ക്കൽ അപ്രതീക്ഷിത ശബ്ദമെത്തി, 'ഹലോ സിന്ധു, ഞാൻ മോഹൻലാലാണ്, ആക്ടർ മോഹൻലാൽ" അത്ഭുതവും ആഹ്ലാദവും കൊണ്ട് വാക്കുകൾ പുറത്തേക്ക് വരാതായ സിന്ധുവിനോട് കാര്യങ്ങൾ ഒന്നൊന്നായി മോഹൻലാൽ ചോദിച്ചു. 'ഞാൻ ചെന്നൈയിലാണ്. എങ്കിലും കേരളത്തിലെ കാര്യങ്ങൾ അറിയുകയും കാണുകയും ചെയ്യുന്നുണ്ട്. നമ്മളാൽ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. നിങ്ങൾ മഹത്തരമായ കർമ്മമാണ് ചെയ്യുന്നത്. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആരോഗ്യവും കുടുംബവും മാറ്റിവച്ചാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ഇതൊക്കെ മാറി നല്ല സുദിനം വരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദിയും കടപ്പാടും അറിയിക്കുന്നു". നിങ്ങളുടെ ആരോഗ്യവും സുരക്ഷയും നോക്കണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചാണ് മോഹൻലാൽ സംസാരം അവസാനിപ്പിച്ചത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികാളകുന്നവരെ ആദരിക്കാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യൂത്ത് കെയർ പദ്ധതി തുടങ്ങിയത്. കഴിഞ്ഞ മാസം 26 ന് ട്രെയിൻ മാർഗം മുംബയിൽ നിന്നെത്തിച്ച റെയിൽവേ ജീവനക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് നിലവിൽ രോഗ ലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. പന്മന പുത്തൻചന്ത സ്വദേശിയായ സിന്ധുവാണ് ഇവർക്കാവശ്യമായ പരിചരണം നൽകുന്നതിൽ ശ്രദ്ധിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമാണ് ഇത്തരം അഭിനന്ദനങ്ങളിലൂടെ ലഭിക്കുന്നതെന്ന് സിന്ധു പറഞ്ഞു.