കൊല്ലം: കേരളത്തിന്റെ കരുതലിന് എൻ.എസ്. സഹകരണ ആശുപത്രിയുടെ സാന്ത്വന സ്പർശം. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആശുപത്രി ആദ്യ ഗഡുവായി ഒരു കോടി രൂപ നൽകി. കളക്ടർ ബി. അബ്ദുൽ നാസറിന്റെ ചേംബറിൽ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ചെക്ക് മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് കൈമാറി. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സെക്രട്ടറി പി. ഷിബു, സഹകരണ സംഘം ജോ. രജിസ്ട്രാർ പി.ജെ. അബ്ദുൾ ഗഫാർ എന്നിവരും സന്നിഹിതരായിരുന്നു.
സാലറി ചലഞ്ചിന്റെ ഭാഗമായി ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശമ്പള വിഹിതവും സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള വിഹിതവും ചേർന്നതാണ് ഒന്നാം ഗഡുവായ ഒരു കോടി രൂപ നൽകിയത്. ബാക്കി തുക ഉടൻ കൈമാറും.
കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക നൽകി എൻ.എസ് സഹകരണ ആശുപത്രി മാതൃകയായിരുന്നു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളവിഹിതമായി രണ്ട് കോടിരൂപയാണ് അന്ന് നൽകിയത്. 2017-18 ലെ സംഘത്തിന്റെ ലാഭവിഹിതവും സർക്കാരിന് കൈമാറിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ സൗജന്യമെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മൂന്ന് ലോഡ് ഭക്ഷ്യധാന്യങ്ങളും ആശുപത്രി നൽകി. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വീടുകൾ ജീവനക്കാർ ശുചീകരിക്കുകയും വയറിംഗ് നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു.