കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം വനങ്ങളിലേക്ക് മനുഷ്യർ നടത്തുന്ന കടന്നുകയറ്റമാണെന്ന് റോയൽ സൊസൈറ്റിയുടെ പഠനം പറയുന്നു. വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റങ്ങളും ലോകത്തിലെ ജൈവവൈവിധ്യങ്ങൾ തകരാൻ കാരണമാകുന്നു. അത് കൊറോണ പോലുള്ള വൈറസുകളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നും പഠനം പറയുന്നു.ജീവശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന 'റോയൽ സൊസൈറ്റി ബി 'യിലാണ് ഈ പഠനം വന്നിരിക്കുന്നത്. യുഎസ്സിൽ നിന്നും ആസ്ട്രേലിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
പഠനം പറയുന്നത്
മൃഗങ്ങളെ വേട്ടയാടുന്നവരിലേക്ക് കൊറോണ പോലുള്ള വൈറസുകൾ എളുപ്പത്തിൽ കയറിപ്പറ്റും. അത് പതിയെ മനുഷ്യരിലേക്ക് പരക്കുന്നു: അതുപോലെ നായ്ക്കൾ, പശുക്കൾ തുടങ്ങിയ വളർത്തു മൃഗങ്ങളും മനുഷ്യരിലേക്ക് വൈറസുകളെ പങ്കുവയ്ക്കുന്നുണ്ട്. അണ്ണാൻ, വവ്വാൽ തുടങ്ങിയ ജീവികളുടെ ശരീരങ്ങൾ വൈറസ്സുകളുടെ കലവറയാണ്. വൈറസ്സുകളുടെ 75 ശതമാനവും ഇവയുടെ ശരീരങ്ങളിലുണ്ട്. വവ്വാലുകളിൽ മാത്രം സാർസ്, നിപ, മാർബർഗ്, എബോള തുടങ്ങിയ വൈറസ്സുകളുടെ സാന്നിധ്യം കാണാവുന്നതാണ്. വംശനാശ ഭീഷണിയുള്ള ജീവികളിൽ നിന്ന് വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട് . മനുഷ്യരിലേക്ക് പകർന്ന 142 വൈറസുകളെ വംശനാശഭീഷണിയുള്ള ജീവികളിലെ വൈറസുകളുമായി താരതമ്യം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. മൃഗങ്ങളിൽ നിന്നും വൈറസുകൾ പുറത്തേക്ക് വമിക്കുന്നതിനു പ്രധാന കാരണം അവയുടെ ആവാസകേന്ദ്രങ്ങൾ നഷ്ടമാകുന്നതാണത്രേ. ആവാസവ്യവസ്ഥ തകരുന്നതോടെ ഇവ തങ്ങളിലെ വൈറസുകൾ മനുഷ്യരുമായി പങ്കിടുന്നു. ചൈന,ജോർദാൻ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാർക്കറ്റുകൾ ലോകത്തിന് വലിയ അപകടമാണ് വരുത്തുന്നത്.