മുറ്റത്തൊരു മീൻകുളം പദ്ധതിയും പരിഗണനയിൽ
കുണ്ടറ: ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ വീടുകൾ തോറും ഗ്രോബാഗ് പച്ചക്കറി കൃഷിയുമായി മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത്. പ്രളയവും ഉപ്പുവെള്ളവും കൃഷി അസാധ്യമാക്കിയ തുരുത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.
പദ്ധതിയുടെ ആദ്യചുവടായി പെരുങ്ങാലം, കിടപ്രം ഭാഗങ്ങളിലെ നൂറ് കർഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ 3600 ഗ്രോബാഗുകളിൽ കൃഷി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ എല്ലാ ചെലവുകളും നിലവിൽ കർഷകർ തന്നെ വഹിക്കുകയാണ്. ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകർക്ക് എല്ലാ സഹായങ്ങളുമേകി ഒപ്പമുണ്ടാവും.
കിടപ്രം തെക്ക് പൂപ്പാണിയിൽ രാധയുടെ വീട്ടിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഗ്രോബാഗ് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, കൃഷി ഓഫീസർ സംഗീത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഓരോ വീട്ടിലും മത്സ്യം വളർത്തുന്നതിനായി മുറ്റത്തൊരു മീൻകുളം പദ്ധതിയും പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.