കൊട്ടാരക്കര: കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടുകയാണ് കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശികൾ. തൃക്കണ്ണമംഗൽ ഗാന്ധിമുക്ക്, തോട്ടംമുക്ക്, വി.ടി.കുഞ്ഞപ്പൻ ലെയിൻ എന്നീ ഭാഗങ്ങളിലായിട്ടാണ് മൂന്ന് കുരങ്ങുകളുടെ വിളയാട്ടം. കുടിവെള്ള ടാങ്കുകളുടെ മൂടിമാറ്റി കുളിയും വെള്ളംകുടിയുമാണ് ഇവയുടെ പ്രധാന വിനോദം.
അടുക്കളയിൽ കടന്ന് ഭക്ഷണവും മോഷ്ടിക്കും. ചക്കയും മാങ്ങയും കാർഷിക വിളകളുമൊക്കെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൈപ്പുകൾ പൊട്ടിച്ച് വെള്ളം പാഴാക്കിക്കളയുന്നതും ഉറങ്ങിക്കിടന്ന വൃദ്ധയുടെ മുടിയിൽ പിടിച്ച് വലിച്ചതും കുട്ടിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്തതുമടക്കം ദിനപ്രതി കുരങ്ങുകളുടെ ശല്യമേറുകയാണ്. മൂന്ന് കുരങ്ങുകളെയും പിടികൂടി വനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.