dash
അഷ്ടമുടി തുരുത്തുകളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന പൊലീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം

കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അഷ്ടമുടിക്കായൽ തുരുത്തുകളിൽ ഡ്രോൺ നിരീക്ഷണവും പരിശോധനകളും നടത്തി വാറ്റുപകരണങ്ങളും കോടയും പിടികൂടി. കാവനാട് കണിയാംകട സജു ഭവനത്തിൽ ജാക്സൺ, അരുൺ എന്നിവർ പിടിയിലായി. ഇവർക്കെതിരെ അബ്കാരി ആക്ട് പ്രകാരം ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം ശക്തികുളങ്ങര പൊലീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ശക്തികുളങ്ങര പൊലീസ് കായൽ തീരത്ത് കൂടിയുള്ള പട്രോളിംഗും ശക്തമാക്കി. പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന എസ്.ഐ സലിമിന്റെ നേതൃത്വത്തിൽ എ.എസ്.ഐ വിജയൻ, സി.പി.ഒ മാരായ ഹാഷിം, വിഷ്ണു, സനീഷ എന്നിവർ ചേർന്നാണ് സെന്റ് തോമസ്, സെന്റ് ജോർജ്, ഫാത്തിമ ഐലന്റുകൾ ഉൾപ്പെടെ ആൾപാർപ്പുള്ളതും ഇല്ലാത്തതുമായ പത്തോളം തുരുത്തുകളിൽ ഡ്രോൺ നിരീക്ഷണവും പരിശോധനകളും നടത്തിയത്. ശക്തികുളങ്ങര സി.ഐ എസ്.ടി.ബിജു, എസ്.ഐ. അനീഷ്, ജോസഫ്, കോസ്റ്റൽ എസ്.ഐമാരായ എം.സി പ്രശാന്തൻ, സുരേഷ് തമ്പി, എ.എസ്.ഐ മാരായ ഡി.ശ്രീകുമാർ, സെബാസ്റ്റ്യൻ, മറൈൻ എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒ ഷിബു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.