arest

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 532 പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. 529 കേസുകളിലായി 478 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന എല്ലാ സ്റ്റേഷൻ പരിധികളിലും പൊലീസ് ശക്തമാക്കി. സത്യവാങ്മൂലവും പൊലീസ് നൽകുന്ന ഓൺലൈൻ പാസും ഇല്ലാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയാണ്. സിറ്റി പൊലീസ് 305 കേസുകളിലായി 306 പേരെ അറസ്റ്റ് ചെയ്ത് 268 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചത് മുതൽ കൊല്ലം സിറ്റിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,669 ആയി. കൊല്ലം റൂറൽ പൊലീസ് 224 കേസുകളിലായി 226 പേരെ അറസ്റ്റ് ചെയ്ത് 2,100 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം എസ്.എൻ വനിതാ കോളേജ് വിദ്യാർത്ഥിനിയുടെ കിടപ്പുരോഗിയായ പിതാവിന് ആവശ്യമായ മരുന്നുകളും വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും കോളേജ് പ്രിൻസിപ്പൽ വാങ്ങി പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് ഇതേറ്റുവാങ്ങി കുട്ടിയുടെ വീട്ടിലെത്തിച്ചു. ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ വിവരം പൊലീസിനെ അറിയിച്ചാൽ മരുന്നുകൾ വീട്ടിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.