കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടർവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ആരംഭിച്ച സാമൂഹിക അടുക്കളകളുടെ പ്രവർത്തനത്തിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സംഭാവന സ്വീകരിക്കാൻ പ്രത്യേക അക്കൗണ്ട് ആരംഭിക്കാൻ കൊല്ലം നഗരസഭയുടെ തീരുമാനം. മേയർ ഫണ്ട് വഴി സംഭാവന സ്വീകരിക്കുമെന്ന കർശന നിലപാടിൽ നിന്ന് മേയർ ഹണി ബഞ്ചമിൻ പിൻവാങ്ങിയതോടെയാണ് ചൊവ്വാഴ്ച ചേർന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നഗരസഭാ സെക്രട്ടറിയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചത്.
രണ്ടാഴ്ച മുമ്പ് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ സി.പി.എം, സി.പി.ഐ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ തമ്മിൽ കൊവിഡ് ഫണ്ട് ശേഖരണത്തെ ചൊല്ലി ചേരിതിരിഞ്ഞ് കടുത്ത വാക്പോര് നടന്നത്. സാമൂഹിക അടുക്കളകൾ കൂടുതൽ വിപുലമാക്കാനായി വിവിധ ആളുകളിൽ നിന്ന് മേയേഴ്സ് ഫണ്ടിലേക്ക് സ്വരൂപിച്ച പണത്തിന്റെ കണക്ക് മേയർ ഹണി ബഞ്ചമിൻ അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി അടക്കമുള്ള സി.പി.എം പ്രതിനിധികൾ ഫണ്ട് പിരിവിനെതിരെ രംഗത്ത് എത്തുകയായിരുന്നു.
മേയർ ഫണ്ടിലേക്ക് ശേഖരിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക അടുക്കളകളുടെ പ്രവർത്തനത്തിനും ഉപയോഗിക്കാനാകില്ലെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ വാദം. എന്നാൽ തന്റെ വിവേചന അധികാരം ഉപയോഗിച്ച് പണം പിരിക്കുമെന്നായിരുന്നു മേയറുടെ പറഞ്ഞത്. തർക്കം മറ്റുള്ളവർ ഏറ്രെടുത്തതോടെ യോഗത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരിയാണ് പുതിയ അക്കൗണ്ട് ആരംഭിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. മേയർ അടക്കമുള്ള സി.പി.ഐ പ്രതിനിധികൾ എതിർപ്പില്ലാതെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.