കൊവിഡ് വ്യാപനത്തിൽ ലോകം മുഴുവൻ അതീവ ജാഗ്രതയിലാണ് . കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി ജനങ്ങളോട് വീടുകളിൽ കഴിയാനാണ് മിക്ക രാജ്യങ്ങളിലും നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നിരവധി കലാകാരന്മാർ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ സാമ്പത്തികമായി സഹായിക്കാൻ ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി 'വൺ വേൾഡ് ടുഗദർ അറ്റ് ഹോം' എന്ന ഒരു ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ലോകത്തുള്ള വിവിധ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. കൊറോണ വൈറസിനോടുളള പേരാട്ടത്തിൽ ലോകാരോഗ്യ സംഘടനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പോപ്പ് താരം ലേഡി ഗാഗയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനും പങ്കെടുക്കും. ജോൺ ലെജന്റ്, എൽട്ടൺ ജോൺ, ഡേവിഡ് ബെക്കാം, ഇഡ്രിസ് എൽബ തുടങ്ങിയവർ തത്സമയ പരിപാടിയിൽ ചേരും. ഏപ്രിൽ 18 നാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയും ഗ്ലോബൽ സിറ്റിസനും ചേർന്നു സംഘടിപ്പിക്കുന്ന ‘ദി വൺ വേൾഡ് ടുഗദർ അറ്റ് ഹോം’ വെർച്വൽ ഷോ ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ തത്സമയം കാണാം.
സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി ഫാലോൺ, ജിമ്മി കിമ്മൽ എന്നിവരാണ് ഷോയുടെ അവതാരകരായി എത്തുന്നത്. അതേസമയം രാജ്യമെമ്പാടും ലോക്ക് ഡൗണിലായിരിക്കവെ താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതങ്ങളും പരിപാടിയിലൂടെ സംപ്രേഷണം ചെയ്യും.