കൊവിഡ് 19 ഉണ്ടാക്കുന്ന പ്രത്യാഘാതം ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഭക്ഷ്യ ഉത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യങ്ങൾ ലോക്ക്ഡൗണിലായതും, കയറ്റുമതി നിറുത്തിയതും ലോകത്തെ പ്രതിസന്ധിയിലാക്കുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകൾക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നൽകിയിരുന്നു. ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളിൽ കോവിഡ് പരന്നതോടെ ഭക്ഷ്യധാന്യം ശേഖരിക്കാൻ യുഎന്നിന് കഴിയാതായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടൻ ശേഖരിച്ചാൽ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി ഒഴിവാക്കാൻ സാധിക്കുകയുള്ളു എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏകദേശം 30 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം എങ്കിലും ഈ ഘട്ടത്തിൽ അടിയന്തരമായി സംഭരിക്കേണ്ടതുണ്ട് എന്നാണ് വിലയിരുത്തുന്നത്. എന്നാൽ, ഈ ലക്ഷ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും എളുപ്പമല്ല. ചൈന, വിയറ്റ്നാം, കംബോഡിയ അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങൾക്കായി അരി,ഗോതമ്പ് കയറ്റുമതി നിർത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ 8.1 ശതമാനം, അഥവാ 50 ലക്ഷം, യൂറോപ്പിൽ 7.8 ശതമാനം അഥവാ 1.2 കോടി, ഏഷ്യാ പസഫിക് മേഖലയിൽ 7.2 ശതമാനം അഥവാ 12.5 കോടി മുഴുവൻ സമയ തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി യുഎൻ റിപോർട്ടിൽ പറയുന്നു.