കൊല്ലം: കൊവിഡിന്റെ ലോക്ക് ഡൗൺ കാലത്ത് മൊട്ടയടിക്കുന്നവരുടെ എണ്ണം കൂടുതലാണ്, ആഴ്ചയിലൊരിക്കൽ മുടി വെട്ടിയൊതുക്കുന്നവർ ബാർബർഷോപ്പും ബ്യൂട്ടി പാർലറുകളുമില്ലാതെ വന്നതോടെ വിഷമിച്ചാണ് മൊട്ടയടിച്ചത്. മറ്റ് ചിലർ ചൂട് കൂടുന്നെന്ന കാരണത്താൽ, നരച്ച മുടിയും താടിയും കറുപ്പിക്കാൻ പറ്റാതെ വന്നവർ.
അങ്ങിനെ ഓരോ കാരണത്താൽ മൊട്ടയടി കൂടുകയാണ്. കൃത്യ സമയങ്ങളിൽ മുടിവെട്ടാൻ കഴിയാത്തതിന്റെ അസ്വസ്ഥതകൾ മൊട്ടയടിച്ചപ്പോൾ മാറിയെന്നാണ് ഒരു പക്ഷം. അസ്വസ്ഥതകൾ മുൻശുണ്ഠിക്കും കുടുംബ വഴക്കിനും കാരണമാകുന്നുണ്ടെന്നും ഇവർ പറയുന്നു.
സ്വയം മുടി വടിച്ചിറക്കുവാനാണ് ചിലർ സാഹസം കാട്ടുന്നത്. കൂട്ടുകാരും വീട്ടുകാരും പരസ്പരം മൊട്ടയടിക്കുന്നുമുണ്ട്. ഈ ലോക്ക് ഡൗൺകാലം ഒരുപാട് മൊട്ടകളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങാത്തതിനാൽ അധികമാരും കാണുന്നില്ല. ലോക്ക് ഡൗൺ നീട്ടിയാൽ മുടിവളരുമല്ലോ എന്നാണ് ചിലരുടെ ചിന്ത.