photo
ഇത്തിക്കരയാറിന്റെ കൈവഴിയായ നെടുമൺകാവ് തോട്ടിൽ അറുവലക്കുഴി ഭാഗത്ത് അടിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ

കൊല്ലം: നെടുമൺകാവ് അറുവലക്കുഴിയിൽ പുഴയുടെ തീരം മുഴുവൻ പ്ളാസ്റ്റിക് കുപ്പികൾ നിറഞ്ഞു. ഇത്തിക്കര ആറിന്റെ പ്രധാന കൈവഴിയിലായി അറുവലക്കുഴിയിൽ കൽച്ചിറപ്പള്ളിക്ക് സമീപത്തായാണ് കുപ്പികൾ നിറയുന്നത്. പുഴയിൽ നീരൊഴുക്ക് കുറഞ്ഞപ്പോഴാണ് കുപ്പികൾ വൻതോതിൽ ഇവിടെ അടിഞ്ഞുകൂടിയത് വ്യക്തമായത്. പുഴയുടെ ഇരുകരകളിലായി വള്ളിപ്പടർപ്പുകൾ വളർന്നത് കൂട്ടിമുട്ടി ഒരു ബണ്ട് പോലെ രൂപപ്പെട്ടതിനാലാണ് ഈ ഭാഗത്ത് ഇത്രയധികം കുപ്പികൾ അടിഞ്ഞത്.

നെല്ലിക്കുന്നം, ഓടനാവട്ടം, വെളിയം ഭാഗങ്ങളിലൂടെ ഒഴുകിയെത്തുന്ന ചെറുതോടുകൾ സംഗമിച്ചൊഴുകുന്ന പുഴയാണ്. കരീപ്ര ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥാപിച്ചിട്ടുള്ളതും കുപ്പികൾ അടിഞ്ഞുകൂടിയതിന്റെ ഇരുന്നൂറ് മീറ്റർ ചുറ്റളവിലാണ്. പ്ളാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളുമുണ്ട്. മണ്ണ് കാണാനാവാത്ത വിധം പുഴയുടെ തീരത്ത് വൻതോതിൽ കുപ്പികൾ അടിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യുവാൻ അധികൃതർ തയ്യാറാകുന്നില്ല. നീരൊഴുക്കിനും പ്രകൃതിയ്ക്കും ദോഷമുണ്ടാകുന്ന തരത്തിലാണ് പ്ളാസ്റ്റിക് മാലിന്യം ഇവിടെ അടിഞ്ഞുകൂടുന്നത്.