കൊല്ലം: കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ അവശ ജനോദ്ധാരകനായ പൊതുപ്രവർത്തകനായിരുന്നു ടി.വി. ബാബുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പൊതുപ്രവർത്തകൻ എന്നതിലുപരി താനുമായും കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായത്. കെ.പി.എം.എസ് ശാഖാ സെക്രട്ടറി എന്ന നിലയിൽ പൊതുരംഗത്തിറങ്ങിയ ബാബു നിസ്വാർത്ഥവും അർപ്പണബോധവുമുള്ള പ്രവർത്തന ശൈലികൊണ്ട് ഏവർക്കും പ്രിയപ്പെട്ടവനായിത്തീർന്നു.
2015ൽ ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മുതൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി.
പാർട്ടിയെ നന്നായി നയിച്ചതിനൊപ്പം ഉറച്ച നിലപാടുകളും അദ്ദേഹത്തെ വേറിട്ടുനിറുത്തി. എല്ലാവരോടും കരുണയും കരുതലും ഉണ്ടായിരുന്ന നല്ലൊരു മനുഷ്യൻകൂടിയായിരുന്നു. തന്റെ വ്യക്തിത്വം കറപുരളാതെ കാത്തുസൂക്ഷിച്ച ടി.വി. ബാബു സ്വകാര്യ നേട്ടങ്ങളൊന്നും ഉണ്ടാക്കാതെയാണ് അരങ്ങൊഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.