c
ജീവിതവഴിയടഞ്ഞു, നിർമ്മാണ തൊഴിലാളികൾ ലോക്കായി !

കൊല്ലം: ജില്ലയിലെ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ ഇവർക്ക് തൊഴിലും കൂലിയും ഇല്ലാതായി. ദിവസക്കൂലിക്കാരായ ഇവർ നിത്യജീവിതം നയിക്കുന്നത് അന്നന്നത്തെ കൂലി കൊണ്ടായിരുന്നു. പലർക്കും കാര്യമായ സമ്പാദ്യമില്ല.

കഷ്ടിച്ച് ഒരാഴ്‌ച അടുപ്പ് പുകയാനുള്ള വക മാത്രമാണ് ലോക്ക് ഡൗൺ തുടങ്ങുമ്പോൾ മിക്ക തൊഴിലാളി കുടുംബങ്ങളിലും ഉണ്ടായിരുന്നത്. നാടാകെ രമ്യഹർമ്മ്യങ്ങൾ പണിതുയർത്തുമ്പോഴും മക്കളെ ചേർത്ത് പിടിച്ച് കിടന്നുറങ്ങാൻ സ്വന്തമായി ഒരു നല്ല വീട് പേലും ഇല്ലാത്തവരാണ് നിർമ്മാണ തൊഴിലാളികളിൽ മിക്കവരും. പകലന്തിയോളം നീളുന്ന പണി കഴിഞ്ഞ് വൈകിട്ട് കിട്ടുന്ന കൂലിക്ക് മക്കൾക്ക് പലഹാരങ്ങളും അടുക്കളയിലേക്ക് പലവൃഞ്ജനങ്ങളും പച്ചക്കറിയും മീനും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നവർ. നോട്ട് നിരോധനവും പിന്നാലെ വന്ന ജി.എസ്.ടിയും ഈ വിഭാഗം തൊഴിലാളികളെയും സാരമായി ബാധിച്ചിരുന്നു.

22 ദിവസങ്ങൾ വരെ ജോലി ചെയ്‌തിരുന്ന തൊഴിലാളികൾക്ക് 15 മുതൽ 18 ദിവസം വരെ മാത്രം ജോലി എന്ന സ്ഥിതി വന്നു. നിർമ്മാണ തൊഴിലാളിക്ക് (മേശിരി) 1050 രൂപയും തൊഴിലിടത്തെ സഹായിക്ക് (മൈക്കാട്) 850 രൂപയുമാണ് ഇപ്പോൾ കൂലി. കൊവിഡ് 19 കാലത്തെ ലോക്ക് ഡൗണിന്റെ അസാധാരണ ദുരിതമെത്തിയതോടെ കഴിഞ്ഞ മാസം 24 മുതൽ നിർമ്മാണ മേഖലയ്‌ക്കും ലോക്ക് വീണു. സർക്കാരിന്റെ സൗജന്യ റേഷൻ ലഭിച്ചതിനാൽ കുറച്ച് ദിവസം കൂടി അടുക്കളയിൽ തീപുകയുമെന്നതാണ് ആശ്വാസം.