photo
ലോക്ക് ഡൗണിന് മുൻപ് ബിവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം

കൊല്ലം: ലോക്ക് ‌ഡൗൺ കാലാവധി തീരുമ്പോൾ കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടയിൽ നൂറ് മീറ്ററിൽ താഴെ ദൂരമാണുള്ളത്. ഇതിനിടയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബിവറേജസിന്റെ മദ്യവിൽപ്പനശാല പ്രവർത്തിച്ചുവന്നിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന തിരക്കേറിയ ഭാഗത്താണ് മദ്യവിൽപ്പനശാല. കൊല്ലം - തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലാണ് ബസ് സ്റ്റാന്റുകൾക്കിടയിലായി മദ്യ വിൽപ്പന ശാല പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് ഔട്ട്ലെറ്റുകളെ അപേക്ഷിച്ച് ഇവിടെ എപ്പോഴും തിരക്കാണ്.

ദൂരപരിധി വിഷയം വന്നപ്പോൾ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നതാണ്. എന്നാൽ പിന്നെയും പട്ടണത്തിരക്കിന്റെ ഇടയിലേക്ക് തിരികെ കൊണ്ടുവന്നു. മുൻപ് പ്രവർത്തിച്ച സ്ഥലത്തേക്ക് തിരികെ കൊണ്ടുവന്ന ഏക ഔട്ട്ലെറ്റാണിത്. ഒന്നേകാൽ ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മദ്യം വാങ്ങി ബസ് സ്റ്റാന്റ് പരിസരത്തുവച്ചുതന്നെ കുടിക്കുന്ന രീതിയുമുണ്ട്. ഇതിന്റെ പേരിൽ തമ്മിൽതല്ലും സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. 2019 ആഗസ്റ്റ് 1 മുതൽ ഡിസംബർ 31ന് അകമുള്ള കണക്കെടുത്തപ്പോൾ ബിവറേജസിന്റെ പരിസരത്തുമാത്രം 54 പൊലീസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്നും ഇത് ആവർത്തിച്ചു. താലൂക്ക് വികസന സമിതി ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു.

ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്നും ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നുകാട്ടി നഗരസഭാ സെക്രട്ടറിയും തഹസീൽദാരും റൂറൽ എസ്.പിയും റിപ്പോർട്ട് നൽകി. എന്നാൽ നാളിതുവരെ നടപടിയുണ്ടായില്ല. ലോക്ക് ഡൗൺ എത്തിയതോടെ മദ്യവിൽപ്പന ശാല അടഞ്ഞുകിടക്കുകയാണ്. ഇനി മറ്റൊരിടത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങുന്നതിന് ബുദ്ധിമുട്ടുകളുമില്ല. എന്നാൽ ചില രാഷ്ട്രീയ ഇടപെടലിന്റെ പേരിലാണ് ഔട്ട്ലെറ്റ് മാറ്റാത്തതെന്നാണ് ആരോപണം.

മദ്യവിൽപ്പന ശാലയ്ക്ക് അര കിലോമീറ്റർ ചുറ്റളവിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. രാവിലെയും വൈകിട്ടും ബസ് സ്റ്റാന്റുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ മദ്യപൻമാരുടെ ശല്യത്തിൽ ബുദ്ധിമുട്ടിയിരുന്നു.

ബസ് സ്റ്റാന്റുകൾക്കിടയിൽ നിന്നും മദ്യവിൽപ്പനശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരവും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്തു. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻതന്നെ രണ്ടാം ഘട്ട സമര പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്.