കൊല്ലം: ലോക്ക് ഡൗണിൽ ആരാധനാലയങ്ങളുടെ പ്രവർത്തനവും തടസപ്പെട്ടതോടെ സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെയും ജീവനക്കാരുടെയും ജീവിതം വഴിമുട്ടി. ക്ഷേത്ര വരുമാനം നിലച്ചതിനാൽ കഴിഞ്ഞമാസത്തെ ശമ്പളം പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലെ ശാന്തിക്കാർക്കും ജീവനക്കാർക്കും വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. 2,500 രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ വരെയുണ്ട്. ഭക്തർ നൽകുന്ന ദക്ഷിണയായിരുന്നു പലർക്കും ആശ്വാസം. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ക്ഷേത്രങ്ങളിൽ ഇപ്പോൾ ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ നിത്യചെലവുകൾക്കായി വിനിയോഗിച്ചിരുന്ന ദക്ഷിണയും കിട്ടുന്നില്ല.
ഉത്സവകാലത്ത് ലോക്ക് ഡൗൺ വന്നത് ശാന്തിക്കാരുടെയും ജീവനക്കാരുടെയും ഭാവിയെയും പ്രതിസന്ധിയിലാക്കി. പല സ്വകാര്യ ക്ഷേത്രങ്ങളിലും ഉത്സവസമയത്താണ് കാര്യമായി വരുമാനം ഉണ്ടാകുന്നത്. ഈ പണം ഉപയോഗിച്ചാണ് വരും മാസങ്ങളിൽ ശാന്തിക്കാർക്കടക്കം ശമ്പളം നൽകുന്നത്. കാര്യമായ വരുമാനമില്ലാത്തതിനാൽ പണയം വച്ചും കടം വാങ്ങിയുമാണ് ഈ വിഭാഗക്കാർ ജീവിക്കുന്നത്. ഉത്സവകാലത്ത് കിട്ടുന്ന ദക്ഷിണയെടുത്താണ് പലരും നിത്യചെലവുകൾ നടത്തുന്നതും കടങ്ങൾ വീട്ടുന്നതുമൊക്കെ. ഉത്സവങ്ങൾ മുടങ്ങിയതോടെ ഈ പതിവുകളെല്ലാം തെറ്റി.
പൂജാരിമാരിൽ ഭൂരിഭാഗവും നാട്ടിൽ നിന്ന് മാറി ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം കുടുബത്തോടെ വാടകയ്ക്ക് താമസിക്കുന്നവരാണ്. അതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സംഘടിതരായ പല വിഭാഗങ്ങൾക്കും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പലതരത്തിലുള്ള സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ സ്വകാര്യ ക്ഷേത്ര ശാന്തിക്കാർക്കും ജീവനക്കാർക്കും ക്ഷേമനിധി പോലുമില്ല. സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിൽ 25,000 ഓളം ശാന്തിക്കാരും അതിന്റെ മൂന്നിരട്ടിയോളം ജീവനക്കാരും ഉണ്ടെന്നാണ് കണക്ക്.
''
സ്വകാര്യ ക്ഷേത്ര ജീവനക്കാർക്കും ശാന്തിക്കാർക്കുമായി സർക്കാർ എത്രയും വേഗം ക്ഷേമനിധി രൂപീകരിക്കണം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റു പല വിഭാഗങ്ങൾക്കും അനുവദിച്ചതു പോലെ ഈ വിഭാഗങ്ങൾക്കും സാമ്പത്തിക സഹായം നൽകണം.
ഡോ. നെടുവത്തൂർ ഗണേശൻ തിരുമേനി
സംസ്ഥാന ജനറൽ സെക്രട്ടറി
പ്രൈവറ്റ് ക്ഷേത്ര ശാന്തി അസോസിയേഷൻ